തിരുവനന്തപുരം: കോണ്‍ഗ്രസ് എല്ലാകാലവും സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് എന്നും ഈ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീപക്ഷ നിലപാട് പാർട്ടിയുടെ അജണ്ടയാണ്. ആരോപണ വിധേയനായ രാഹുൽ മാങ്കുട്ടത്തിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ നേതൃത്വം ഐകകണ്ഠനേ എടുത്ത തീരുമാനമാണ്.ഇത്തരം വിഷയങ്ങളില്‍ കോണ്‍ഗ്രസിന് വിട്ടുവീഴ്ചയില്ല.
എന്നാല്‍ സിപിഎം എല്ലാക്കാലത്തും സ്ത്രീപീഡകര്‍ക്കു കൂടാരം ഒരുക്കുന്ന പാർട്ടിയാണ്. നിയമ സഭയിലും ഭരണരംഗത്തും ഒക്കെ സ്ത്രീപീഡകർ നിരവധിയാണ്. അവരെ ഏതു വിധത്തിലും സംരക്ഷിക്കുന്ന നിലപാടാണ് എന്നും സിപിഎം എടുത്തിട്ടുള്ളത്.
പീഡനത്തിന്റെ തീവ്രത വരെ അളന്ന് ആരോപണവിധേയരെ കുറ്റവിമുക്തരാക്കിയ പരിഹാസ്യമായ പാരമ്പര്യമാണ് സിപിഎമ്മിന്.
പക്ഷേ രാഹുല്‍ മാങ്കൂട്ടത്തിന്റെ കേസില്‍ ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ അദ്ദേഹത്തിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് പദവിയില്‍ നിന്ന് നീക്കുകയാണ് ചെയ്തത്. അല്ലാതെ തീവ്രത അളക്കാന്‍ കമ്മിഷനെ വെയ്ക്കുകയല്ല. അദ്ദേഹത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ വന്ന സാഹചര്യത്തിലാണ് പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്യണ്ടി വന്നത്. ഇന്നത്തെ നിലയിൽ കോൺഗ്രസിന് എടുക്കാൻ കഴിയുന്ന ഏറ്റവും മാതൃകാപരമായ തീരുമാനമാണിത്.
അഭിപ്രായങ്ങൾ തുറന്നു പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യം നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്. സ്വന്തം അഭിപ്രായങ്ങൾ പറഞ്ഞതിന്റെ പേരിൽ ഉമാ തോമസ് എംഎൽഎ അടക്കമുള്ള നേതാക്കൾക്ക് എതിരെ നടക്കുന്ന സൈബറാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇത്തരം സംഭവങ്ങൾ സി.പി.എം ശൈലിയാണ്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
- രമേശ് ചെന്നിത്തല പറഞ്ഞു.