സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവു അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് പിതാവായ രാമചന്ദ്രന്‍. രന്യയുടെ പിതാവ് രാമചന്ദ്രന്‍ കര്‍ണാടകയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപിയുമാണ്. കെ രാമചന്ദ്രന്റെ രണ്ടാം ഭാര്യയുടെ ആദ്യവിവാഹത്തിലുണ്ടായ മകളാണ് രന്യ.
വാര്‍ത്ത അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നാണ് രാമചന്ദ്രന്‍ ആദ്യം പറഞ്ഞത്. രന്യ തങ്ങളോടൊപ്പമല്ല താമസിക്കുന്നതെന്നും ഭര്‍ത്താവിനൊപ്പമാണ് താമസിക്കുന്നതെന്നും വിവാഹശേഷം തങ്ങളെ കാണാന്‍ വന്നിട്ടില്ലെന്നും രാമചന്ദ്രന്‍ പറഞ്ഞു. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഒരു ബ്ലാക്ക് മാര്‍ക്കും ഉണ്ടായിട്ടില്ല. മകളുടെ ഇടപാടുകളെ കുറിച്ച് അറിയില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും രാമചന്ദ്രന്‍ പറഞ്ഞു.
രന്യ അറസ്റ്റിലായതിനു പിന്നാലെ പിതാവിന്റെ പദവി കള്ളക്കടത്തിനുവേണ്ടി ദുരുപയോഗം ചെയ്തതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഡിജിപിയുടെ മകളാണെന്നത് പലപ്പോഴും സുരക്ഷാപരിശോധന ഒഴിവാക്കാന്‍ രന്യയെ സഹായിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പലപ്പോഴും വിമാനത്താവളത്തില്‍നിന്നു സര്‍ക്കാര്‍ വാഹനങ്ങളിലാണു നടി മടങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്.