ദുൽഖർ സൽമാനും ഭാഗ്യശ്രീ ബോർസെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാന്ത'യുടെ റിലീസ് തീയതി പുറത്ത്. സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 14ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. സെപ്റ്റംബർ 12ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയുടെ റിലീസ് 'ലോക'യുടെ കുതിപ്പിനെത്തുടർന്ന് മാറ്റിവെച്ചിരുന്നു.
ദുൽഖറിൻറെ ജന്മദിനത്തിലാണ് ചിത്രത്തിൻറെ ടീസർ പുറത്തിറക്കിയത്. 1950 കാലത്തെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായ ‘ദ ഹണ്ട് ഫോർ വീരപ്പൻ’ സംവിധാനം ചെയ്ത് ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് സെൽവമണി സെൽവരാജ്. തമിഴിൽ ഒരുക്കിയ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഒരു ഹൊറർ സിനിമയുടെ ചിത്രീകരണത്തിനായി ഒരുങ്ങുന്ന ഒരു സിനിമ സംഘത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. രണ്ടു പ്രമുഖ കലാകാരന്മാർക്കിടയിലെ ഈഗോയും മറ്റുമാണ് ചിത്രത്തിന്റെ കഥാതന്തു.
നടനായ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്. ദുൽഖറിന് പുറമെ, സമുദ്രക്കനി, ഭാഗ്യശ്രീ ഭോർസെ, റാണ ദഗ്ഗുബതി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ദുൽഖറിന്റെതന്നെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, തെലുഗ് താരം റാണ ദുഗ്ഗബട്ടിയുടെ സ്പിരിറ്റ് മീഡിയ എന്നിവയാണ് നിർമാതാക്കൾ. ജാനു ചന്തറാണ് സംഗീതം. ലെവ്ലിൻ ആന്റണി ഗോൺസാൽവസാണ് എഡിറ്റിങ്ങ് നിർവഹിക്കുന്നത്.