റിയാദ് അന്താരാഷ്​ട്ര പുസ്തകമേള ഒക്ടോബറിൽ

07:40 PM Aug 12, 2025 | AVANI MV


റിയാദ്​: റിയാദ് അന്താരാഷ്​ട്ര പുസ്തകമേള ഒക്ടോബറിൽ. ഒക്ടോബർ രണ്ട്​ മുതൽ 11 വരെ നടക്കും. പ്രാദേശിക, അന്തർദേശീയ പ്രസാധക സ്ഥാപനങ്ങളുടെ വിപുലമായ പങ്കാളിത്തം ഇത്തവണയും മേളയിലുണ്ടാകും. വായനക്കാർക്കും എഴുത്തുകാർക്കും ഇടയിലുള്ള വിടവ് നികത്തുകയും വിവിധ വിജ്ഞാന മേഖലകളിൽ നിന്നുള്ള ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ അവതരിപ്പിക്കുകയും ചെയ്യുക എന്ന സാംസ്​കാരിക ദൗത്യത്തിൻറെ ഭാഗമായുള്ള മേള സൗദി സാഹിത്യ പ്രസിഡദ്ധീകരണ, വിവർത്തന അതോറിറ്റിയാണ്​ സംഘടിപ്പിക്കുന്നത്​. പ്രദർശനത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ നിശ്ചിത ലിങ്ക് വഴി ഓഗസ്റ്റ് 19 വരെ തുടരും.

പ്രസിദ്ധീകരണം, വിവർത്തനം, സാഹിത്യ വ്യവസായങ്ങൾ എന്നിവയ്‌ക്കുള്ള പ്രധാന സാംസ്​കാരിക വേദിയായിരിക്കും റിയാദ്​ പുസ്​തകമേള. ബൗദ്ധിക സെമിനാറുകളും തുറന്ന സംവാദങ്ങളും ഇതിലുൾപ്പെടുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ബുദ്ധിജീവികളുടെയും വിദഗ്​ധരുടെയും ഒരു സംഘം പങ്കെടുക്കുന്ന പ്രത്യേക വർക്ക്‌ഷോപ്പുകളും പ്രഭാഷണങ്ങളുമുണ്ടാകും. സൗദി എഴുത്തുകാരെ പിന്തുണയ്ക്കുന്നതിനായി ഒരു പ്രത്യേക കോർണർ. കുട്ടികൾക്കായി പ്രത്യേക പവലിയനും ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

നൂതനമായ വിദ്യാഭ്യാസ, വിനോദ പ്രവർത്തനങ്ങളിലൂടെ വായനാപ്രേമം വളർത്തുന്ന സംവേദനാത്മക ഉള്ളടക്കം കുട്ടികളിലെ പവലിയനിലുണ്ടാകും. ചെറുപ്പം മുതലേ പുസ്തകങ്ങളുമായി ബന്ധപ്പെടാനും വായന അവരുടെ ജീവിതശൈലിയുടെ ഭാഗമാക്കാനും യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക പരിപാടികളിൽ ഒന്നാണ് റിയാദ് അന്താരാഷ്ട്ര പുസ്തകമേള. വലിയ പൊതുജന പങ്കാളിത്തം, വൈവിധ്യമാർന്ന സാംസ്​കാരിക പരിപാടി, വിവിധ അറബ്, പ്രാദേശിക, അന്തർദേശീയ രാജ്യങ്ങളിൽ നിന്നുള്ള പ്രസാധക സ്ഥാപനങ്ങളുടെ ഗണ്യമായ പങ്കാളിത്തം എന്നിവയാൽ അറിയപ്പെടുന്ന പ്രമുഖ സാംസ്​കാരിക മേളകൂടിയാണ്​.