കിയവ്: യുക്രെയ്ന് നേരെ ഡ്രോൺ ആക്രമണം കടുപ്പിച്ച് റഷ്യ. തിങ്കളാഴ്ച നൂറിലേറെ ഡ്രോണുകൾ ഉപയോഗിച്ചാണ് സിവിലിയൻ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ആക്രമണം നടത്തിയത്. സംഭവത്തിൽ പത്തുപേർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഒരാഴ്ചക്കിടെ 1270 ഡ്രോണുകളും 39 മിസൈലുകളുമാണ് റഷ്യ യുക്രെയ്ന് നേരെ തൊടുത്തത്. യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നൂറോളം ബോംബ് വർഷിക്കുകയും ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
കഴിഞ്ഞ ദിവസം റഷ്യയിലെ പ്രധാന വ്യോമതാവളം തകർത്തതായി യുക്രെയ്ൻ അവകാശപ്പെട്ടിരുന്നു. തിങ്കളാഴ്ച 91 യുക്രെയ്ൻ ഡ്രോണുകൾ തകർത്തായി റഷ്യ പറഞ്ഞു. യൂറോപ്യൻ സഖ്യകക്ഷികളുമായും യു.എസിലെ പ്രമുഖ ആയുധ നിർമാണ കമ്പനിയുമായും ഡ്രോൺ ഉൽപാദനവുമായി ബന്ധപ്പെട്ട് യുക്രെയ്ൻ കഴിഞ്ഞ ദിവസം കരാറുണ്ടാക്കിയിരുന്നു.