ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇന്നലെയാണ് റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് പോറ്റിയെ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.
രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാകും ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലെ തെളിവെടുപ്പ് നടത്തുക. സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്‍ എന്ന് എസ്‌ഐടി വിശേഷിപ്പിച്ച മുരാരി ബാബു അടക്കമുള്ളവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ദ്ദേശ പ്രകാരം സ്വര്‍ണം കൊണ്ടുപോയ കല്‍പ്പേഷിനെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. രണ്ട് സംഘങ്ങള്‍ ഇതിനായി ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളില്‍ അന്വേഷണം തുടരുന്നുണ്ട്. നിലവില്‍ ദ്വാരപാലക പാളിയിലെ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകോവിലിന്റെ കട്ടിള പാളികളിലെ സ്വര്‍ണം കൊള്ള ചെയ്ത കേസിലും വൈകാതെ അറസ്റ്റ് അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചേക്കും.