ശബരിമല സ്വര്‍ണ്ണക്കൊള്ള ; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും

06:50 AM Oct 25, 2025 |


ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും. കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അന്വേഷണ സംഘം ബംഗളൂരുവില്‍ എത്തിയിരുന്നു. ബംഗളൂരുവിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്, ബെല്ലാരിയില്‍ സ്വര്‍ണം വില്‍പ്പന നടത്തിയ സ്ഥലം, ദ്വാരപാലക പാളികള്‍ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍ എന്നിവിടങ്ങളില്‍ ആകും തെളിവെടുപ്പ്. ഈ മാസം 30ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും. 

സ്മാര്‍ട്ട് ക്രിയേഷനില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം സുഹൃത്ത് ഗോവര്‍ദ്ധനന് കൈമാറി എന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. ഇത്തരത്തില്‍ കൈമാറിയ സ്വര്‍ണം കണ്ടെത്താന്‍ ആകുമോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ശ്രീകോവില്‍ കട്ടിളപ്പാളികള്‍ സ്വര്‍ണം പൂശാന്‍ നേരത്തെ ഗോവര്‍ദ്ധന്‍ സ്വര്‍ണം നല്‍കിയിരുന്നു. ദേവസ്വം ബോര്‍ഡിലെ മറ്റ് ജീവനക്കാരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും.