ഭാരതത്തിന് കവചമായി തുടരുന്ന സൈന്യത്തിന് സല്യൂട്ട് : അമിത് ഷാ

03:35 PM May 13, 2025 | Neha Nair

ഡൽഹി: രാജ്യത്തിന്റെ ശത്രുക്കളെ നശിപ്പിക്കുകയും ഭാരതത്തിന് കവചം തീർക്കുകയും ചെയ്ത സായുധ സേനകളുടെ സമാനതകളില്ലാത്ത വീര്യത്തെ രാഷ്ട്രം അഭിവാദ്യം ചെയ്യുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിരോധത്തിന്റെ മുൻനിരയിലുള്ള ബിഎസ്എഫിനും പ്രത്യേക സല്യൂട്ടെന്ന് അമിത് ഷാ പറഞ്ഞു. സൈന്യത്തിനും രാജ്യത്തിനും നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമിത് ഷാ പ്രശംസിച്ചു. ഭീകരതയോടുള്ള ഇന്ത്യയുടെ സഹിഷ്ണുതയില്ലാത്ത നയത്തിന്റെ നിർണായക പ്രഖ്യാപനമാണിതെന്നും രാജ്യത്തിന്റെ തന്ത്രപരമായ നിലപാടിനെ പുനർനിർവചിക്കുന്ന നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്റെ മണ്ണിലെ ഭീകരതയുടെ കെട്ടിടം തകർത്ത ഓപ്പറേഷൻ സിന്ദൂറിലൂടെ പ്രധാനമന്ത്രി ഇന്ന് ഭാരതത്തിന്റെ ശത്രുക്കൾക്ക് അതിർത്തി നിർണ്ണയിച്ചിരിക്കുകയാണ്. ഇന്ത്യൻ സായുധ സേനകൾ പാകിസ്ഥാനെ വിറപ്പിച്ചു. ശത്രുക്കൾ തെറ്റ് ചെയ്യാൻ തുനിഞ്ഞ നിമിഷം തന്നെ ഭാരതം തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. രാജ്യത്തെ സായുധ സേനകളുടെ ധൈര്യത്തെയും ശൗര്യത്തെയും പ്രശംസിച്ച അദ്ദേഹം സേനകളുടെ ധീരത ഭാരതത്തിന്റെ മഹത്തായ ചരിത്രത്തിൽ എന്നെന്നേക്കുമായി നിലനിൽക്കുമെന്നും കൂട്ടിച്ചേർത്തു.