സമൂസയിലും ജിലേബിയിലും ലഡുവിലും ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പ് നല്‍കണമെന്ന് നിർദ്ദേശം പുറത്തുവന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. സിഗററ്റ് കവറുകൾക്ക് മുകളിൽ മുന്നറിയിപ്പ് നൽകുന്നതു പോലെ എണ്ണയുടെയും മധുരത്തിന്റെയും അമിത ഉപയോഗം തടയാൻ പ്രചരണം ആരംഭിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്ന തരത്തിലാണ് റിപ്പോർട്ടുകൾ വന്നത്. പക്ഷേ ഏതെങ്കിലും ഒരു ഭക്ഷ്യവസ്തുവിനെ ലക്ഷ്യമിട്ടല്ല മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്നും പൊതുവായ നിര്‍ദേശമാണ് നല്‍കിയതെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഈ ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്ന പൊതുഇടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
‘ഒരു ഭക്ഷ്യവസ്തുവിനെയോ തെരുവുകച്ചവടക്കാരെയോ ലക്ഷ്യമിട്ട് ഒരു തീരുമാനവുമെടുത്തിട്ടില്ല. ആരോഗ്യകരമായ ഭക്ഷ്യസംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ഭക്ഷണ ക്രമീകരണത്തിനൊപ്പം പടികള്‍ ചവിട്ടി കയറണമെന്നും ചെറിയ ഇടവേളകള്‍ എടുക്കണമെന്നും ഓഫീസ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പല ഭക്ഷണങ്ങളിലും അമിതമായ കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അത് അമിതമായി കഴിക്കുന്നതിന്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായാണ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. ഈ നിര്‍ദേശം ഇന്ത്യയുടെ സ്ട്രീറ്റ് ഫുഡ് കള്‍ച്ചറിനെ ലക്ഷ്യമിടുന്നതല്ല’- കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കാന്റീനുകളിലും പൊതുഇടങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും സമൂസ, ജിലേബി, ലഡു, വട പാവ് തുഹ്ങിയ പലഹാരങ്ങളിലെ അപകടസാധ്യതകളെക്കുറിച്ച് ഈ ബോര്‍ഡുകള്‍ ഓര്‍മപ്പെടുത്തുമെന്നുമായിരുന്നു വാര്‍ത്ത. നാഗ്പൂര്‍ എയിംസിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം ലഭിച്ചുവെന്നും നടപ്പാക്കാനുളള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.