+

ഫാസ്റ്റ് ഫുഡ് യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നു, സമോസയും ജിലേബിയുമെല്ലാം ഇനി പുകവലി പോലെ അപകടകരം

ജനങ്ങളില്‍ ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിക്കുകയും പൊടുന്നനെയുള്ള മരണത്തിന് കാരണമാവുകയും ചെയ്യുന്ന ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.

ന്യൂഡല്‍ഹി: ജനങ്ങളില്‍ ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിക്കുകയും പൊടുന്നനെയുള്ള മരണത്തിന് കാരണമാവുകയും ചെയ്യുന്ന ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.

ജീവിതശൈലീ രോഗങ്ങളുടെ വര്‍ദ്ധനവ് തടയുന്നതിനായി, സമോസ, ജലേബി, പക്കോഡ തുടങ്ങിയ ഉയര്‍ന്ന കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് സിഗരറ്റ് പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ് ലേബലുകള്‍ നല്‍കാനാണ് തീരുമാനം.

നേരത്തെ ഡോക്ടര്‍മാര്‍ നടത്തിയ ഒരു പഠനം, യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് ഫാസ്റ്റ് ഫുഡിന്റെ അമിതമായ ഉപയോഗം ഒരു പ്രധാന കാരണമാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ പഠനം, ഉയര്‍ന്ന കൊഴുപ്പ്, പഞ്ചസാര, ട്രാന്‍സ് ഫാറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയാഘാതം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച്, സമോസ, ജലേബി തുടങ്ങിയ ഫ്രൈ ചെയ്തതും പഞ്ചസാര അടങ്ങിയതുമായ ഭക്ഷണങ്ങള്‍ യുവാക്കളില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി പഠനം സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നീക്കം പ്രസക്തമാകുന്നത്.

നാഗ്പൂരിലെ AIIMSല്‍ ആരംഭിക്കുന്ന ഈ പൈലറ്റ് പ്രോജക്ട്, കാന്റീനുകളിലും പൊതു ഭക്ഷണശാലകളിലും 'ഓയില്‍ ആന്‍ഡ് ഷുഗര്‍ ബോര്‍ഡുകള്‍' സ്ഥാപിക്കുന്നതിന് ഊന്നല്‍ നല്‍കുന്നു. ഈ ബോര്‍ഡുകള്‍, സമോസ, ജലേബി, വട പാവ്, ചായ ബിസ്‌കറ്റ് തുടങ്ങിയ ഭക്ഷണങ്ങളിലെ കലോറി, പഞ്ചസാര, കൊഴുപ്പ്, ട്രാന്‍സ് ഫാറ്റ് എന്നിവയുടെ അളവ് വ്യക്തമായി പ്രദര്‍ശിപ്പിക്കും.

ഇന്ത്യയില്‍ 2050-ഓടെ 440 ദശലക്ഷത്തിലധികം ആളുകള്‍ അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളവരാകുമെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഒരു വിശകലനം പ്രവചിക്കുന്നു. ഇന്ത്യ ഇതിനകം തന്നെ ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദശകത്തില്‍ പൊണ്ണത്തടി നിരക്ക് ഇരട്ടിയായി. ഈ പ്രവണത, പ്രത്യേകിച്ച് യുവാക്കളില്‍, പെട്ടെന്നുള്ള ഹൃദയാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയ രോഗങ്ങള്‍ എന്നിവയുടെ വര്‍ദ്ധനവിന് കാരണമാകുന്നു.

ഇപ്പോഴത്തെ നിര്‍ദ്ദേശം പരമ്പരാഗത ഭക്ഷണങ്ങള്‍ നിരോധിക്കുക എന്നതല്ല, മറിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ ഭക്ഷണ തിരഞ്ഞെടുപ്പുകളെക്കുറിച്ച് അറിവ് നല്‍കുക എന്നതാണ്. സമോസയും ജലേബിയും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. എന്നാല്‍ അവയുടെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. ഈ മുന്നറിയിപ്പ് ബോര്‍ഡുകള്‍, ആളുകളെ അവരുടെ ഭക്ഷണ ശീലങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

നാഗ്പൂര്‍ ചാപ്റ്ററിലെ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഡോ. അമര്‍ അമലെ പറയുന്നു, പഞ്ചസാരയും ട്രാന്‍സ് ഫാറ്റും പുതിയ പുകയിലയാണ്. ആളുകള്‍ക്ക് അവര്‍ എന്താണ് കഴിക്കുന്നതെന്ന് അറിയാന്‍ അവകാശമുണ്ടെന്നാണ്.

ഡോ. സുനില്‍ ഗുപ്ത, മുതിര്‍ന്ന ഡയബറ്റോളജിസ്റ്റ്, ഒരു ഗുലാബ് ജാമുന്‍ അഞ്ച് ടീസ്പൂണ്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം വിവരങ്ങള്‍ ജനങ്ങള്‍ക്ക് അറിവ് നല്‍കിയാല്‍, അവര്‍ ഭക്ഷണ തിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധാലുക്കളാകുമെന്ന് വിശ്വസിക്കുന്നു.

ആരോഗ്യ മന്ത്രാലയം, ഈ പൈലറ്റ് പ്രോജക്ടിന്റെ വിജയത്തെ ആശ്രയിച്ച്, മറ്റ് നഗരങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും ഈ സംരംഭം വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നു. കൂടാതെ, പാക്കേജുചെയ്ത ഭക്ഷണങ്ങള്‍ക്കും റെസ്റ്റോറന്റ് മെനുകള്‍ക്കും സമാനമായ മുന്നറിയിപ്പ് ലേബലുകള്‍ നിര്‍ബന്ധമാക്കാനുള്ള പദ്ധതികളും പരിഗണിക്കുന്നുണ്ട്.

facebook twitter