+

സഞ്ജുവിന്റെ ബാറ്റിങ് പൊസിഷന്‍ മാറ്റിക്കൊണ്ടിരിക്കുന്നു, ക്യാപ്റ്റനും ഗൗതം ഗംഭീറിനും മുന്നറിയിപ്പുമായി പഠാന്‍, സെഞ്ച്വറികളുമായി ഫോമിലായിരുന്ന താരത്തെ ഗില്ലിനുവേണ്ടി ഒതുക്കി തട്ടിക്കളിക്കുന്നു

സഞ്ജു സാംസന്റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ച് ഗൗതം ഗംഭീറിനും സൂര്യകുമാര്‍ യാദവിനും മുന്നറിയിപ്പ് നല്‍കി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍.

മുംബൈ: സഞ്ജു സാംസന്റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ച് ഗൗതം ഗംഭീറിനും സൂര്യകുമാര്‍ യാദവിനും മുന്നറിയിപ്പ് നല്‍കി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 125 റണ്‍സിന് ഓള്‍ഔട്ട് ആയതിനെ തുടര്‍ന്നാണ് ടീം മാനേജ്മെന്റിന്റെ തന്ത്രങ്ങളും സഞ്ജുവിന്റെ ബാറ്റിംഗ് ഓര്‍ഡറിലെ അനിശ്ചിതത്വവും ചര്‍ച്ചയായത്.

സഞ്ജു സാംസണ്‍, ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയെങ്കിലും, നാല് ബോളില്‍ വെറും 2 റണ്‍സ് മാത്രമാണ് നേടിയത്. ശുഭ്മാന്‍ ഗില്ലിന്റെ മടങ്ങിയെത്തലിനെ തുടര്‍ന്ന്, സഞ്ജുവിന്റെ ഓപ്പണിംഗ് പൊസിഷന്‍ നഷ്ടപ്പെടുകയും മധ്യനിരയിലേക്ക് മാറ്റപ്പെടുകയും ചെയ്തിരുന്നു.

ഏഷ്യാ കപ്പില്‍ ഉള്‍പ്പെടെ, സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷന്‍ അഞ്ച്, മൂന്ന്, എട്ട് എന്നിങ്ങനെ നിരന്തരം മാറ്റിക്കൊണ്ടിരുന്നു. ഈ 'ഇലാസ്റ്റിക്' സമീപനം ടീമിന്റെ സ്ഥിരതയെ ബാധിക്കുമെന്നാണ് ഇര്‍ഫാന്‍ പഠാന്‍ തന്റെ യൂട്യൂബ് ചാനലില്‍ ചൂണ്ടിക്കാട്ടിയത്. ടി20 ക്രിക്കറ്റില്‍ ഓപ്പണര്‍മാര്‍ ഒഴികെ മറ്റാര്‍ക്കും സ്ഥിരമായ ബാറ്റിംഗ് പൊസിഷന്‍ ഇല്ല എന്നത് ശരിയാണ്. എന്നാല്‍, വഴക്കം എന്ന പേര് പറഞ്ഞ് ഇത്രയധികം ഇലാസ്റ്റിക് ആകരുത്. അത് ടീമിന്റെ സ്ഥിരതയെ ബാധിക്കും, പഠാന്‍ പറഞ്ഞു.

2024-ല്‍ മൂന്ന് ടി20 സെഞ്ചുറികളുമായി മിന്നുന്ന ഫോമില്‍ ആയിരുന്നു സഞ്ജു. ദക്ഷിണാഫ്രിക്കയില്‍ 107, 109* എന്നിവയും ബംഗ്ലാദേശിനെതിരെ 111 റണ്‍സും നേടി ടി20-യില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഓപ്പണര്‍മാരില്‍ ഒരാളായി മാറിയിരുന്നു. എന്നാല്‍, ശുഭ്മാന്‍ ഗില്ലിന്റെ മടങ്ങിവരവോടെ, സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയത് വിവാദമായി. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ പോലും അവസരം ലഭിക്കാതിരുന്നത് മുന്‍ താരങ്ങളുടെ വിമര്‍ശനത്തിന് ഇടയാക്കി.

മെല്‍ബണിലെ രണ്ടാം ടി20-യില്‍, ജോഷ് ഹസില്‍വുഡിന്റെ പേസിനും ബൗണ്‍സിനും മുന്നില്‍ സഞ്ജു പതറി. നാഥന്‍ എല്ലിസിന്റെ ബോളില്‍ എല്‍ബിഡബ്ല്യുവിന് റിവ്യൂ പാഴാക്കിയതും വിമര്‍ശനത്തിനും ഇടയാക്കി.

തുടര്‍ച്ചയായി മോശം പ്രകടനങ്ങള്‍ ആവര്‍ത്തിച്ചാല്‍, സഞ്ജുവിന്റെ സ്ഥാനം അപകടത്തിലാകുമെന്ന് ഇര്‍ഫാന്‍ പഠാന്‍ മുന്നറിയിപ്പ് നല്‍കി. സഞ്ജുവിന് ഇപ്പോള്‍ ടീം മാനേജ്മെന്റിന്റെ പിന്തുണ ഉണ്ട്. പക്ഷേ, മൂന്നോ നാലോ തവണ തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍, ആ പിന്തുണ വേഗം ഇല്ലാതാകും.

സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ, റിഷഭ് പന്തിനെ ടി20-യില്‍ വീണ്ടും പരിഗണിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. 2024 ജൂലൈയില്‍ അവസാനമായി ടി20 ഇന്റര്‍നാഷണല്‍ കളിച്ച പന്ത്, ഇപ്പോള്‍ ഇന്ത്യ എ ടീമിനെ നയിക്കുകയാണ്. സഞ്ജു തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍, 2026 ടി20 ലോകകപ്പിന് മുമ്പ് പന്തിനെ തിരിച്ചുവിളിക്കാന്‍ മാനേജ്മെന്റ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 

facebook twitter