സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയത് വലിയ തെറ്റായി, അതിനുശേഷം ദേശീയ ടീമിലെടുത്തില്ല, പന്ത് വീണ്ടും തിരിച്ചെത്തി, ഇഷ്ടക്കാര്‍ക്ക് മാത്രം അവസരം

11:43 AM Nov 24, 2025 | Raj C

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപനത്തോടെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണിനെ ഒഴിവാക്കിയത് പക്ഷപാതത്തിന്റെ ഉദാഹരണമായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. 2023-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ സെഞ്ച്വറി തെറ്റായിപ്പോയെന്നും അതിനുശേഷം ദേശീയ ടീമിലേക്ക് പരിഗണിച്ചിട്ടില്ലെന്നുമാണ് ആരാധകരുടെ വാദം.

മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട്ട് കോഹ്ലി തുടങ്ങിയവര്‍ തിരിച്ചെത്തി. കെ.എല്‍. രാഹുല്‍ ആണ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്ത്, ധ്രുവ് ജുറല്‍ എന്നിവരെ ഉള്‍പ്പെടുത്തിയപ്പോള്‍ സഞ്ജു സാംസണിന് ടീമില്‍ സ്ഥാനമില്ല. സഞ്ജുവിന്റെ അവസാന ഏകദിന മത്സരം 2023-ലെ ദക്ഷിണാഫ്രിക്ക പരമ്പരയായിരുന്നു. അന്ന് 108 റണ്‍സ് നേടി പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നു. അടുത്തിടെ, ടി20-യില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടും, ഏകദിന ടീമിലേക്ക് തിരികെ വരാന്‍ കഴിഞ്ഞില്ല.

ഇന്ത്യന്‍ സീനിയര്‍ സെലക്ടര്‍ അജിത് അഗര്‍ക്കറും പുതിയ ഹെഡ് കോച്ച് ഗൗതം ഗംഭീറും ടീം സെലക്ഷനില്‍ പക്ഷപാതിത്വം കാട്ടിയെന്ന ആരോപണം ശക്തമാണ്. പ്രത്യേകിച്ച് സഞ്ജുവിന്റെ കാര്യത്തില്‍. ഏകദിന ശരാശരി 56 ഉള്ള ഒരു താരത്തെ എന്തിന് ഒഴിവാക്കുന്നു എന്നതിന് വ്യക്തമായ മറുപടിയില്ല.

2025-ല്‍ ടി20 പരമ്പരയില്‍ ഓപ്പണറായി മൂന്ന് സെഞ്ച്വറികള്‍ നേടിയെങ്കിലും, പൊസിഷന്‍ മാറ്റി മിഡില്‍ ഓര്‍ഡറിലേക്ക് തള്ളിയയക്കുകയും, പിന്നീട് ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ഒരു മത്സരത്തിന് ശേഷം ജിതേഷ് ശര്‍മയെ ഉള്‍പ്പെടുത്തി സഞ്ജുവിനെ ഡ്രോപ്പ് ചെയ്തത് 'അന്യായം' എന്ന് വിക്രാന്ത് ഗുപ്തയെ പോലുള്ള വിദഗ്ധര്‍ വിമര്‍ശിച്ചു.

എക്‌സ് പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ സഞ്ജുവിന് അനുകൂലമായ ഹാഷ്ടാഗുകള്‍ ട്രെന്‍ഡിങ് ആയി. സഞ്ജു സെഞ്ച്വറി നേടിയത് വലിയ തെറ്റായി എന്ന് ഒരു ആരാധകന്‍ പോസ്റ്റ് ചെയ്തു. ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സമാന പ്രതികരണങ്ങളാണ് ഉയര്‍ന്നുവരുന്നത്.