
കോട്ടയം: ശശി തരൂർ പാർട്ടിയെ തള്ളിപ്പറഞ്ഞ് മുന്നോട്ടു പോകരുതെന്ന് കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കോൺഗ്രസ് പാർലമെൻററി പാർട്ടിയംഗം എന്ന നിലയിൽ തരൂർ എല്ലാ കാര്യങ്ങളും പാർട്ടിയെ അറിയിക്കണമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
ഏതുതലം വരെയും തരൂരിന് പോകാം. എന്നാൽ, ഈ തലത്തിലേക്ക് പോകുന്നത് പാർട്ടിയെ ചവിട്ടിമെതിച്ചു കൊണ്ടാവരുത്. കോൺഗ്രസ് ആയിരിക്കുമ്പോൾ പാർട്ടിക്ക് വിധേയനാകണം.
തരൂരിന് രണ്ട് റോളാണുള്ളത്. അന്തർദേശീയ തലത്തിലുള്ള തരൂരിൻറെ കാഴ്ചപ്പാടും ബന്ധങ്ങളും, കോൺഗ്രസിൻറെ പാർലമെൻററി പാർട്ടി അംഗമെന്ന നിലയിലെ റോളും. പാർലമെൻററി പാർട്ടിയംഗം എന്ന നിലയിൽ എല്ലാ കാര്യങ്ങളും പാർട്ടി നേതൃത്വത്തെ അറിയിച്ചും അംഗീകാരം തേടിയും മുന്നോട്ടു പോകണം.
ഉയർന്ന തലത്തിലേക്ക് പോകുന്നത് നിൽക്കുന്ന പാർട്ടിയെ തള്ളിക്കളഞ്ഞും ചവിട്ടിമെതിച്ചും ആകരുത്. ചെറിയ മനുഷ്യനല്ലാത്ത തരൂർ പാർലമെൻററി പാർട്ടിയംഗം എന്ന നിലയിൽ പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റുക തന്നെ വേണം.
അന്തർ ദേശീയ രംഗത്ത് പാർട്ടിയുടെ അംഗീകാരത്തോട് കൂടി ഏതുതലം വരെ പോകാനുള്ള സാധ്യത തരൂരിന് തേടാവുന്നതാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് വ്യക്തമാക്കി.