+

ആരാണാ പ്രമുഖനായ യൂത്ത് കോണ്‍ഗ്രസ് നേതാവ്, മുതിര്‍ന്ന വനിതാ സഹപ്രവര്‍ത്തകരോടുപോലും മോശമായി പെരുമാറി, മകന്റെ പ്രായം മാത്രമെന്ന് ഓര്‍ക്കണം, സോഷ്യല്‍ മീഡിയയില്‍ വിവാദം

യൂത്ത് കോണ്‍ഗ്രസ് നേതാവും മാധ്യമപ്രവര്‍ത്തകയും തമ്മിലുള്ള ബന്ധവും അബോര്‍ഷനും പരാതിയുമെല്ലാമായി കലങ്ങിമറിയുകയാണ് സോഷ്യല്‍ മീഡിയ. മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതി ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പാക്കിയെന്നും നിയമ നടപടി എടുക്കാതിരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടുമെന്നുമെല്ലാമാണ് പ്രചരണം.

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവും മാധ്യമപ്രവര്‍ത്തകയും തമ്മിലുള്ള ബന്ധവും അബോര്‍ഷനും പരാതിയുമെല്ലാമായി കലങ്ങിമറിയുകയാണ് സോഷ്യല്‍ മീഡിയ. മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതി ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പാക്കിയെന്നും നിയമ നടപടി എടുക്കാതിരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടുമെന്നുമെല്ലാമാണ് പ്രചരണം.

രാഷ്ട്രീയ നേതാവിന്റേയോ യുവതിയുടേയോ പേരൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ചിലരുടെ ചിത്രങ്ങള്‍ ചേര്‍ത്ത് വ്യാപകമായ പ്രചരണവും നടക്കുന്നുണ്ട്. ഇടതു സൈബര്‍ പ്രൊഫൈലുകള്‍ നടത്തുന്ന പ്രചരണം ഒരുവിഭാഗം എതിര്‍ക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ നടന്ന ആക്രണങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് മറുവിഭാഗം.

അതിനിടെ ഇടതുസഹയാത്രികനും ചാനലുകളിലെ സ്ഥിരം പാനലിസ്റ്റുമായ പ്രേം കുമാര്‍ ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പാര്‍ട്ടിക്കകത്ത് നേരത്തെതന്നെ പലരും പരാതിപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ നടപടിയുണ്ടായില്ലെന്നുമാണ് പ്രേം കുമാറിന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നത്. മുതിര്‍ന്ന വനിതാ കോണ്‍ഗ്രസ് നേതാവിന് പോലും മോശം അനുഭവം ഉണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.

പ്രേം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
 

ക്ഷമ പറയുന്നു; പറയാതിരിക്കാന്‍ നിവൃത്തിയില്ലാത്ത ചിലത് പറയുന്നു. 

ഉത്തരവാദപ്പെട്ട ജനപ്രതിനിധിയായ ഒരു യുവാവിനെപ്പറ്റി ഒരു കാരണവശാലും പടരാന്‍ പാടില്ലാത്ത വാര്‍ത്തകള്‍ കുറച്ചുനാളായി കേള്‍ക്കുന്നുണ്ട് നമ്മള്‍. ഇതെഴുതുന്നതുവരെ അദ്ദേഹം ഇതിനെപ്പറ്റി ഒരക്ഷരം പറഞ്ഞതായി കണ്ടിട്ടുമില്ല.

നല്ലതല്ലാത്ത ഇത്തരം വാര്‍ത്തകള്‍ നാട്ടില്‍ പാട്ടായി തുടങ്ങിയ നേരത്ത്, മിനിഞ്ഞാന്ന്, റേഡിയോ മാംഗോയുടെ ടാഗ് ലൈന്‍ എടുത്തുകൊണ്ട് ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അങ്ങനെ എഴുതിയത് മോശമായിപ്പോയെന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞു. 

വിമര്‍ശനത്തെ ആദരവോടെ കേള്‍ക്കുന്നു; ഉള്‍ക്കൊള്ളുന്നു. വെളിച്ചത്തുവരാനോ പരാതിപ്പെടാനോ ഇതുവരെ സാധിച്ചിട്ടില്ലാത്ത ആ യുവതിക്കോ മറ്റേതെങ്കിലും സ്ത്രീകള്‍ക്കോ ഞാനെഴുതിയ പോസ്റ്റ് അപമാനകരമായി തോന്നിയെങ്കില്‍ ശിരസ്സുനമിച്ചു ക്ഷമപറയുന്നു. ഇനിയെഴുതുമ്പോള്‍ ഇതിലും ശ്രദ്ധ കാണിക്കാന്‍ ശ്രമിക്കും; 
എന്നാലും തെറ്റുപറ്റിയെന്നു വരാം. 

അവിടുന്നും തിരുത്തി മുന്നോട്ട് പോവാന്‍ ശ്രമിക്കും. 
ഇനി ആദരണീയനായ എന്റെ മാന്യസുഹൃത്ത് വി.ടി.ബല്‍റാമിനോടാണ്. 
പറഞ്ഞു പറയിപ്പിക്കുന്നതാണ്; പറയാതിരിക്കാന്‍ നിവൃത്തിയില്ല. 

പ്രിയപ്പെട്ട വി.ടി.ബല്‍റാം. 
ഈയൊരു മഹാനെപ്പറ്റി ആദ്യമായ് 'നല്ല' കാര്യം കേള്‍ക്കുന്നത് അഞ്ചു കൊല്ലം മുന്‍പാണ്. 
ചെന്നിത്തലയുടെയും ഷാനവാസിന്റെയോമൊക്കെ കൂടെ യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന, ഇപ്പോള്‍ കേരളത്തിനു വെളിയില്‍ കഴിയുന്ന, അവിടെ നിന്നുകൊണ്ട് കോണ്‍ഗ്രസിന് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നൊരു സ്ത്രീയാണ്; പ്രതിപക്ഷ ബഹുമാനത്തോടെ സംവദിക്കാറുള്ളതാണ് ഞങ്ങള്‍. 
മഹാന്‍ 'നല്ല' സ്വഭാവക്കാരനാണ് എന്ന മട്ടില്‍ പറഞ്ഞപ്പോള്‍ 
'ഞാനത് വിശ്വസിക്കില്ല' എന്നാണ് പറഞ്ഞത്. 

നമ്മുടെ കൈയില്‍ തെളിവുകള്‍ ഇല്ലാത്ത കാര്യം നമ്മളെങ്ങനെ വിശ്വസിക്കും! നമ്മളെന്തിന് വിശ്വസിക്കണം?
പക്ഷേ, അവരെന്നോട് പറഞ്ഞ മറുപടി...
'മാഷേ...ഞാനും വിശ്വസിച്ചിരുന്നില്ല...എന്നോടുമവന്‍ ഇതുപോലെ പറയുന്നതുവരെ എന്നല്ല...പറഞ്ഞതിനു ശേഷവും എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. എന്റെ മോന്റെ പ്രായമേയുള്ളൂ അവനെന്നോര്‍ക്കണം' 
അതുണ്ടാക്കുന്നൊരു ഷോക്ക്...അതൊന്നാലോചിച്ചു നോക്കണം നിങ്ങള്‍.'
കിടുങ്ങിപ്പോയ ഞാന്‍ തിരിച്ചു ചോദിച്ചു: 
'പാര്‍ട്ടിയില്‍ ആരോടെങ്കിലും പറയാമായിരുന്നില്ലേ?'  
'പറഞ്ഞിട്ടുണ്ട് മാഷേ...വി.ടി.ബല്‍റാമിനൊക്കെ ഇതറിയാം.'

പ്രിയപ്പെട്ട വി.ടി.ബല്‍റാം. 
ആ കുട്ടിയെ, ഡിഗ്രിക്ക് പോവുന്ന കാലം തൊട്ട് എനിക്കറിയാം. ജേര്‍ണലിസ്റ്റാവണമെന്ന മോഹം പറയുമ്പോഴൊക്കെ പത്രം സിനിമയിലെ മഞ്ജുവല്ല ഡെസ്‌കിലെ ജോലിക്കാര്‍ എന്ന് പറഞ്ഞു പിന്തിരിപ്പിക്കുകയാണ് ചെയ്തത്. അവള്‍ ചാനലിലൊന്നില്‍, സ്‌ക്രീനിനു പിറകില്‍ ജോലിചെയ്യുന്ന കാലമാണ്; കോഴിക്കോട്ട് KLF നടക്കുന്ന നേരമാണ്. ആകെ frustrated ആയവളെ ഞാന്‍ കാണുന്നത്. ചെറുതായി പറഞ്ഞു തുടങ്ങിയപ്പോഴാണ് അവളുടെ ദേഷ്യം മുഴുവന്‍ അന്തിച്ചര്‍ച്ചക്കാരോടാണെന്നറിയുന്നത്. അതെന്തിനപ്പാ എന്നറിയാന്‍ പിന്നെയും ചോദിച്ചപ്പോഴാണ് മുകളില്‍ കേട്ട അതേ യുവനേതാവിന്റെ പേര് പറയുന്നത്. 
'മറുത്തു പറഞ്ഞുകൂടായിരുന്നോ?' എന്നു ചോദിച്ചപ്പോഴാണ് രണ്ടു വാക്കുകള്‍ തമ്മിലുള്ള വ്യത്യാസം അവള്‍ പറഞ്ഞതന്നത്. 
'മാഷേ...ഇത് കോഴിത്തരമല്ല...He is a predator of the worst kind. 

അവരുടെ Modus Operandi നമ്മളൊക്കെ ആലോചിക്കുന്നതിലും മേലെയാണ്.' 
'നിന്റെ ഓഫീസില്‍ കൂട്ടുകാരികളോടെങ്കിലും പറയാമായിരുന്നില്ലേ?' എന്ന് ചോദിച്ചു:
'ഒരു വിധപ്പെട്ട എല്ലാവര്‍ക്കും ഇതേ അനുഭവമുണ്ട്.' 

സീനിയറായൊരു ചേച്ചി, അക്ഷരാര്‍ത്ഥത്തില്‍ ട്രോമയിലാണെന്ന് പറഞ്ഞു. 
അടുത്ത വഴി. ഇവളുടെയും എന്റെയും ഒരു കോമണ്‍ ഫ്രണ്ട്, നിലവില്‍ യൂത്ത് കോണ്‍ഗ്രസിലെ, അറിയപ്പെടുന്നൊരു വനിതാ മുഖമാണ്. അവളോട് പറയാമായിരുന്നില്ലേ എന്നു ചോദിച്ചു. രണ്ടാമത്തെ തവണ തന്നെ അവളോട് പരാതി പറഞ്ഞെന്നു പറഞ്ഞു. 

ആ വനിതാ നേതാവ് പറഞ്ഞ മറുപടി കൂടി എഴുതാം: 
'എന്നോടും വേറെ ചിലരോടും ഇവന്‍ ഇങ്ങനെത്തന്നെ Misbehave ചെയ്തിട്ടുണ്ട്. 
പി.സി.സി പ്രസിഡണ്ടിനോട് വരെ പരാതി പറഞ്ഞിട്ടുണ്ട്'. ഒരു കാര്യവും ഉണ്ടായിട്ടില്ല.' 
ഒന്നും പറയാനില്ലാത്ത ഞാന്‍ കോഴിക്കോട്ടെ കടലിലേക്ക് നോക്കിയിരുന്നു. 

പ്രിയപ്പെട്ട വി.ടി.ബല്‍റാം. 
ഇപ്പോള്‍ ഞാന്‍ ക്ഷമ പറഞ്ഞു കഴിഞ്ഞ റേഡിയോ മാംഗോ പോസ്റ്റ് ഷെയര്‍ ചെയ്ത രാത്രി പ്രായം കൊണ്ടും പരിചയം കൊണ്ടും നിങ്ങളെക്കാള്‍ 
സീനിയറായ രണ്ടുനേതാക്കള്‍ എന്നെ വിളിച്ചിരുന്നു. 'വിവരങ്ങള്‍ അറിഞ്ഞിട്ടാണോ ഇങ്ങനെ എഴുതിയത്' എന്ന മട്ടില്‍ ചോദിച്ചു. എനിക്കറിയുന്നത് പേരു പറയാതെ പറഞ്ഞു. അവരാരും അത് നിഷേധിച്ചില്ല; തര്‍ക്കിച്ചില്ല. 
'വല്യ സങ്കടമാണ്' എന്നു പറഞ്ഞൊരാള്‍ ഫോണ്‍ വെച്ചു.

പ്രിയപ്പെട്ട വി.ടി.ബല്‍റാം. 
നിങ്ങളില്‍ പ്രതീക്ഷയുണ്ടായിരുന്ന നിങ്ങളില്‍പ്പെട്ട ഒരു വനിതാനേതാവ് ഈ പുകില് തുടങ്ങിയ ശേഷം പറഞ്ഞതു കൂടി പറഞ്ഞു നിര്‍ത്താം. 
'ഞെട്ടിയിരിക്കുവാണ്...ഈ നാറി അപ്രോച്ച് ചെയ്യാത്ത ഒരാള്‍ പോലും ഞങ്ങളുടെ ഗ്രൂപ്പില്‍ ഇല്ലെന്ന ഞെട്ടലിലാണ് ഞങ്ങള്‍.' 
നിങ്ങളിലും ഷാഫിയിലും ഇന്നു രാവിലെ വരെ  പ്രതീക്ഷയുണ്ടായിരുന്ന ഞാന്‍ നിങ്ങള്‍ രണ്ടുപേരുടെയും പേരു പറഞ്ഞു. 
'അവരോട് പലവട്ടം പറഞ്ഞതാണ് സര്‍...No use at all.' 
ഇതായിരുന്നു മറുപടി. 

പ്രിയപ്പെട്ട വി.ടി.ബല്‍റാം. 
സൈബര്‍ സ്‌പേസില്‍ നിങ്ങളെ അധിക്ഷേപിച്ചു വിളിക്കുന്ന പേര് വിളിക്കാന്‍ ഞാന്‍ തയാറാവാത്തത് എന്റെ ശീലമെന്ന് കരുതുക. 
പത്തിലൊന്‍പതും ക്രാപ്പാണെന്ന് Theodore Sturgeon പറഞ്ഞത് ഞാന്‍ പറഞ്ഞു എന്നത് നേരാണ്. ഞാന്‍ വീഡിയോ ഷെയര്‍ ചെയ്യുന്ന നേരത്തുതന്നെ നിങ്ങള്‍ അത് കാണാറുണ്ടെന്നതില്‍ നന്ദിയുമുണ്ട്. പറഞ്ഞ് കേള്‍ക്കുന്ന/പറഞ്ഞ് പ്രചരിപ്പിക്കുന്ന കാര്യങ്ങളില്‍

സത്യമുണ്ടെന്ന് ഇതേ Sturgeon തന്നെ പറയുന്ന പത്തില്‍പ്പെട്ടതാണ് താങ്കളുടെ മഹനീയ ചങ്ങാതിയെപ്പറ്റി ഇപ്പോള്‍ പടരുന്ന കാര്യങ്ങളെന്നും താങ്കള്‍ക്കറിയാമല്ലോ. എന്നെ അധിക്ഷേപിച്ചുകൊണ്ടായാലും KPCC ലീഡര്‍ഷിപ്പില്‍ നിന്ന്, ഈ വിഷയത്തില്‍ ആദ്യമായ് പ്രതികരിക്കുകയും അറിയാത്തവരെയും കൂടി അറിയിക്കുകയും ചെയ്യുന്നതില്‍ താങ്കള്‍ക്കുള്ള ഉദ്ദേശമെന്തായാലും അത് ചങ്ങാതിയെ രക്ഷിക്കാനാവില്ലെന്നറിയാം.  
ദിലീപിന് വേണ്ടി നിലത്തുകിടന്ന ധര്‍മജനേക്കാള്‍ മോശം വേഷമാണ് നിങ്ങളിപ്പോള്‍ ആടുന്നതെന്നറിയുക. 

പ്രിയപ്പെട്ട വി.ടി.ബല്‍റാം. 
എന്റേതടക്കമുള്ള പ്രതികരണങ്ങളില്‍ പിശകുകള്‍ ഉണ്ടെന്നാല്‍ തുറന്നെതിര്‍ക്കാം. പക്ഷെ, പതിനെട്ടു മുതല്‍ അറുപതുവരെ പ്രായമുള്ള
പല പെണ്ണുങ്ങളെ അപമാനിച്ചുവെന്ന്, ട്രോമയിലേക്ക് തള്ളിയിട്ടെന്ന നിരന്തര പരാതികള്‍ പടരുന്നൊരു കക്ഷിയെ രക്ഷിച്ചെടുക്കാനാവരുത് അതൊന്നും. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന ഏതെങ്കിലും നേതാവിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ വന്ന സമയത്ത് ഞാന്‍ തുറന്നെതിര്‍ക്കാതിരുന്നിട്ടുണ്ടോ എന്നുകൂടി ആലോചിക്കുക താങ്കള്‍. 

പ്രിയപ്പെട്ട വി.ടി.ബല്‍റാം. 
നിങ്ങളടക്കം, പൊതുരംഗത്തു നില്‍ക്കുന്ന സകലമനുഷ്യര്‍ക്കും അപമാനമാണ് ഇങ്ങനെയൊരാള്‍. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന സകലമനുഷ്യര്‍ക്കും ചാനലുകളില്‍ ജോലിചെയ്യുന്ന സകല പെണ്ണുങ്ങള്‍ക്കും അപമാനമാണ് ഇങ്ങനെയൊരാള്‍. എന്തിന്റെ പേരിലായാലും അയാളെ താങ്ങി നിര്‍ത്തരുത്.  
വേറൊരു കാര്യം കൂടി.
സ്ത്രീപീഡനാരോപണങ്ങളില്‍പ്പെടുന്ന പുരുഷൂസിനെ രക്ഷിച്ചെടുക്കാന്‍, സ്ത്രീവേഷം കെട്ടിയവര്‍ ലോകം മുഴുവന്‍ ഇറക്കുന്ന മൂന്ന് നമ്പറുകളുണ്ട്. 
ഒന്ന്: 
ഇത്രകാലമായിട്ടും എന്നോടയാള്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല; അതുകൊണ്ടിത് സത്യമല്ല. 
(നിങ്ങളില്‍ അയാള്‍ക്ക് താല്പര്യമില്ലാത്തതുകൊണ്ടു മാത്രമാവുമത് സഹോദരീ)
രണ്ട്:
കാര്യമറിഞ്ഞപ്പോള്‍ നിങ്ങള്‍ പ്രതികരിച്ചത് ശരിയായ ഭാഷയിലല്ല; അതുകൊണ്ട് ഞാന്‍ നിങ്ങള്‍ക്കൊപ്പമില്ല. 
(നിങ്ങള്‍ ശരിയായ ഭാഷയില്‍ പ്രതികരിച്ച്, ആരോപണവിധേയനെ തുറന്നുകാണിക്കൂ സഹോദരീ)  
മൂന്ന്: 
അങ്ങനെയുണ്ടെന്നാല്‍ കേസ് കൊടുക്കട്ടെ. 
(കേസ് കൊടുത്താല്‍പ്പിന്നെ നിങ്ങടെ സപ്പോട്ട വേണ്ടല്ലോ സഹോദരീ.)  
ഒരിക്കല്‍ക്കൂടി പറയുന്നു: 
ആ യുവതിക്കോ, മറ്റേതെങ്കിലും സ്ത്രീകള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഞാനെഴുതിയ പോസ്റ്റ് അപമാനകരമായി തോന്നിയെങ്കില്‍ ശിരസ്സുനമിച്ചു ക്ഷമപറയുന്നു.
ഒന്നായ് വന്ന് എത്ര തെറി വിളിച്ചാലും, ചിത്രം വെച്ച് എത്ര പോസ്റ്ററടിച്ചാലും മിണ്ടാതിരുത്താമെന്ന് ആരും വിചാരിക്കേണ്ടതില്ലെന്നും വിനീതമായ് പറയുന്നു.
 

facebook twitter