‘താൻ ഷാഫി പറമ്പിലിനെ മർദിച്ചിട്ടില്ല, സി.പി.എമ്മുമായി ബന്ധമുണ്ടായിരുന്നു‘ : സർവീസിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് സി.ഐ അഭിലാഷ് ഡേവിഡ്

01:49 PM Oct 23, 2025 | Neha Nair

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിനിടെ തന്നെ മർദിച്ചത് ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തിൽ വീഴ്‌ച വരുത്തിയതിന് സർവിസിൽ നിന്ന് പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥനാണെന്ന ഷാഫി പറമ്പിലിൻറെ ആരോപണം തള്ളി സി.ഐ അഭിലാഷ് ഡേവിഡ്. ഷാഫി പറമ്പിലിനെ മർദിച്ചിട്ടില്ലെന്ന് സി.ഐ പറഞ്ഞു.

സി.പി.എം പ്രവർത്തകർ നിന്നിടത്തായിരുന്നു ഡ്യൂട്ടി ഉണ്ടായിരുന്നത്. സർവീസിൽ നിന്ന് പുറത്താക്കിയിട്ടില്ല, സസ്പെൻഡ് ചെയ്തിരുന്നു. നടപടിക്കെതിരെ ട്രൈബ്യൂണലിൽ അപ്പിൽ നൽകി. അപ്പീൽ അംഗീകരിച്ച് സസ്പെൻഷൻ പിൻവലിച്ചു. ആദ്യം കോഴിക്കോടും തുടർന്ന് വടകരയിലേക്കും മാറി. സി.പി.എമ്മുമായി ബന്ധമുണ്ടായിരുന്നത് നിഷേധിക്കുന്നില്ലെന്നും അഭിലാഷ് ഡേവിഡ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തിൽ വീഴ്‌ച വരുത്തിയതിന് സർവിസിൽനിന്ന് പിരിച്ചുവിട്ട സി.ഐ അഭിലാഷ് ഡേവിഡാണ് ​പേരാമ്പ്രയിൽ തന്നെ മർദിച്ചതെന്ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഷാഫി പറമ്പിൽ എം.പി വെളിപ്പെടുത്തിയത്. ആരോപണം വിദശീകരിക്കാനായി സംഘർഷ സമയത്തെ ചിത്രങ്ങളും വിഡിയോകളും വാർത്താസമ്മേളനത്തിൽ ഷാഫി പുറത്തുവിടുകയും ചെയ്തു.

‘മാഫിയ ബന്ധത്തിന്റെ പേരിൽ 2023 ജനുവരി 16ന് സസ്പെൻഷനിൽ പോയ പൊലീസ് ഉദ്യോ​ഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാർത്ത വന്നതാണ്. പൊലീസ് സൈറ്റിൽ ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇല്ല. ഇയാൾ ഉൾപ്പെടെ മൂന്നു പേരെ പിരിച്ചു വിട്ട ശേഷം സർവീസിൽ തിരികെ കയറ്റി. വഞ്ചിയൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണ് ഇയാൾ. സർവിസിൽ നിന്ന് പിരിച്ചുവിടപ്പെട്ട ഈ പൊലീസുകാരനടക്കമുള്ളവരുടെ രേഖകൾ പൊലീസ് ആസ്ഥാനത്തില്ല എന്നാണ് വിവരാവകാശ നിയപ്രകാരം ​ചോദിച്ചപ്പോൾ ലഭിച്ച മറുപടി. ഇത്തരം അക്രമികളായ പൊലീസുകാരെ ആരുമറിയാതെ പുനർനിയമിച്ചത് കൊണ്ടാണ് ആ രേഖകൾ പുറത്ത് വിടാത്തത്’ -ഷാഫി ആരോപിച്ചു.