ഷാര്‍ജയില്‍ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 10 വര്‍ഷത്തിലേറെ പഴക്കമുള്ള പിഴകള്‍ ഷാര്‍ജ അധികൃതര്‍ റദ്ദാക്കി. ഏഴായിരത്തിലധികം ഗതാഗത നിയമലംഘന പിഴകളാണ് റദ്ദാക്കിയത്. എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ തീരുമാനം അനുസരിച്ചാണ് വര്‍ഷങ്ങളായി അടയ്ക്കാതെ കിടന്ന പിഴകള്‍ ഒഴിവാക്കി നല്‍കിയത്. സാമൂഹിക സ്ഥിരത ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായി പത്ത് വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഗതാഗത നിയമലംഘന പിഴകള്‍ ഒഴിവാക്കാനുള്ള എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനം ഷാര്‍ജ പൊലീസ് നടപ്പാക്കുകയായിരുന്നു. ഇതുവരെ 284 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. 7,000ത്തിലധികം ട്രാഫിക് പിഴകളാണ് റദ്ദാക്കിയത്.
ഇളവ് ലഭിക്കാന്‍ അപേക്ഷിക്കുന്നവര്‍ പിഴ ഒഴിവാക്കുന്നതിന് 1,000 ദിര്‍ഹം ഫീസ് അടയ്ക്കേണ്ടതുണ്ട്. എന്നാല്‍, വാഹന ഉടമയുടെ മരണം, 10 വര്‍ഷത്തിലധികം തുടര്‍ച്ചയായി രാജ്യം വിട്ടുപോകുക, ഉടമയെ കണ്ടെത്താന്‍ കഴിയാത്ത ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ തുടങ്ങിയ മാനുഷികപരമായതോ പ്രത്യേകമായതോ ആയ കേസുകളില്‍ ഈ ഫീസില്‍ ഇളവുണ്ട്. യോഗ്യരായ വ്യക്തികള്‍ക്ക് ട്രാഫിക് ആന്‍ഡ് ലൈസന്‍സിംഗ് സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിച്ച് ഈ ആനുകൂല്യം നേടാവുന്നതാണ്. സുരക്ഷ ഉറപ്പാക്കാനും റോഡ് നിയമങ്ങള്‍ പാലിക്കാനും പൊതുജനം ഗതാഗത നിയമങ്ങള്‍ അനുസരിക്കണമെന്ന് ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡ് അഭ്യര്‍ഥിച്ചു.