ജഗ്ദീപ് ധൻഖറിനെ കാണാനില്ലെന്ന പരാതിയുമായി ശിവസേന എം.പി സഞ്ജയ് റാവത്ത്

06:50 PM Aug 11, 2025 | Neha Nair

ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ കാണാനില്ലെന്ന് പരാതി. രാജിവച്ച ശേഷം ജഗ്ദീപ് ധൻകറെക്കുറിച്ച് വിവരമൊന്നുമില്ല എന്ന് കാണിച്ച് ശിവസേന എം.പി സഞ്ജയ് റാവത്താണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്ത് നൽകിയിരിക്കുന്നത്. രാജ്യസഭാംഗങ്ങൾ ഹേബിയസ് കോർപസ് ഹരജി നൽകാൻ ആലോചിക്കുന്നുണ്ടെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.

ധൻകർ രാജിവച്ചതിനുശേഷം അദ്ദേഹത്തെക്കുറിച്ച്ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹത്തിൻറെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നതായും യഥാർഥ വിവരങ്ങൾ അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ജൂലൈ 21 ന് രാവിലെ രാജ്യസഭയുടെ മൺസൂൺ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുമ്പോൾ ധൻഖർ സാധാരണ അവസ്ഥയിലായിരുന്നുവെന്നും നടപടികൾ മാറ്റിവെക്കുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടതായും റാവത്ത് ഓർമിച്ചു. അതേ ദിവസം വൈകുന്നേരം ആറു മണിയോടെ അദ്ദേഹം രാജി പ്രഖ്യാപിച്ചു. ഈ നീക്കത്തെ ഞെട്ടിപ്പിക്കുന്നത് എന്നാണ് റാവത്ത് വിശേഷിപ്പിച്ചത്. 'ജൂലൈ 21 മുതൽ ഇന്നുവരെ, നമ്മുടെ ഉപരാഷ്ട്രപതി എവിടെയാണെന്ന് ഒരു വിവരവുമില്ല. അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥ എന്താണ്? ആരോഗ്യം എങ്ങനെയുണ്ട്? ഈ കാര്യങ്ങളിൽ വ്യക്തതയില്ല.'

രാജ്യസഭാംഗങ്ങൾ ധൻഖറുമായി ബന്ധപ്പെടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും മുൻ ഉപരാഷ്ട്രപതി വീട്ടുതടങ്കലിലാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം സുരക്ഷിതനല്ലെന്ന് ഡൽഹിയിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ശിവസേന നേതാവ് പറഞ്ഞു.

രാജിവച്ച ശേഷം ജഗ്ദീപ് ധൻഖറിനെ കാണാനില്ല എന്ന ആരോപണവുമായി കപിൽ സിബലും രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ലാപതാ ലേഡീസ്' എന്ന സിനിമയെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും എന്നാൽ ലാപതാ (കാണാതായ) വൈസ് പ്രസിഡന്റ് എന്ന് കേൾക്കുന്നത് ആദ്യമാണെന്നും കപിൽ സിബൽ പറഞ്ഞിരുന്നു.