ഉറക്കം നഷ്ടപ്പെട്ട ഇന്ത്യക്കാർ; 59 ശതമാനം പേരും ആറുമണിക്കൂറിൽ താഴെ ഉറങ്ങുന്നവർ

11:57 AM Mar 10, 2025 | Kavya Ramachandran

 ഇന്ത്യക്കാരില്‍ പകുതിയിലധികംപേരുടെയും ഉറക്കം അത്ര ശരിയല്ലെന്നാണ് കണ്ടെത്തല്‍.ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ പോകണം, അല്ലെങ്കില്‍ കൊതുകുശല്യം, പുറത്ത് നിന്നുള്ള ശബ്ദങ്ങള്‍, പങ്കാളികളുടെ പ്രശ്‌നങ്ങള്‍ ഇങ്ങനെയൊക്കെയായി നിരവധി കാരണങ്ങളാൽ   59 ശതമാനം ഇന്ത്യക്കാര്‍ക്കും ആറ് മണിക്കൂറില്‍ താഴെ മാത്രമേ തടസ്സമില്ലാതെ ഉറങ്ങാന്‍ കഴിയുന്നുള്ളൂവെന്ന് അടുത്തിടെ നടത്തിയ ഒരു സര്‍വേയുടെ കണ്ടെത്തല്‍. ലോക ഉറക്ക ദിനത്തോടനുബന്ധിച്ച് ലോക്കല്‍ സര്‍ക്കിള്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. ഉറക്കക്കുറവ് തൊഴില്‍ ഉത്പാദനക്ഷമത കുറയ്ക്കുന്നതിനും, ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും, റോഡപകട സാധ്യത വര്‍ദ്ധിക്കുന്നതിനും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഉറക്കം കുറയുന്നതിന് പലവിധ കാരണങ്ങളാണ് ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രധാന കാരണം വാഷ്‌റൂം ഉപയോഗം, വൈകിയുള്ളതോടെ അതിരാവിലെയുള്ളതോ ആയ ഷെഡ്യൂളുകള്‍, ബാഹ്യ ശബ്ദങ്ങള്‍, കൊതുക് ശല്യം തുടങ്ങിയവയാണത്.

സര്‍വേയ്ക്കായി 40000ത്തോളം ആളുകളില്‍നിന്നാണ് വിവരങ്ങള്‍ തേടിയത്. ഇതില്‍ 61 ശതമാനം പുരുഷന്‍മാരും 39 ശതമാനം സ്ത്രീകളുമായിരുന്നു.

ആറ് മണിക്കൂര്‍ മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങാന്‍ കഴിയുന്നത് 39 ശതമാനം ആളുകള്‍ മാത്രമാണ്. 39 ശതമാനം ആളുകള്‍ക്ക് നാലുമുതല്‍ എട്ട്, ആറ് മണിക്കൂര്‍ സമയമാണ് ഉറങ്ങാനാകുന്നത്. എട്ട് മുതല്‍ പത്ത് വരെ ഉറങ്ങുന്നത് രണ്ട് ശതമാനംപേര്‍ക്കാണ്. 20 ശതമാനം ആളുകള്‍ നാലു മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്.

തടസ്സമില്ലാതെ ഉറങ്ങാന്‍ കഴിയാത്തതിന്റെ കാരണമായി 72 ശതമാനം ആളുകള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത് വാഷ്‌റൂം ഉപയോഗമാണ്. 25 ശതമാനം ആളുകളുടെ പ്രശ്‌നം വൈകി കിടക്കുന്നതോടെ നേരത്തെ എണീക്കേണ്ടതോ ആയ ഷെഡ്യൂളുകളാണ്. സ്ത്രീകളില്‍ കൂടുതല്‍പേരും ചൂണ്ടിക്കാട്ടിയിട്ടുള്ളത് വീട്ടുജോലിക്കായി നേരത്തെ എണീക്കേണ്ടതുള്ളതുകൊണ്ട് ഉറക്കം കുറയുന്നുവെന്നാണ്. 22 ശതമാനം ആളുകള്‍ക്ക് ഉറമില്ലായ്മക്കോ ഉറക്കം തടസ്സപ്പെടുന്നതിനോ കാരണം കൊതുക് ശല്യവും ബാഹ്യ ശബ്ദങ്ങളുമാണ്.

കുട്ടികളും പങ്കാളികളും ഉണ്ടാക്കുന്ന തടസ്സങ്ങള്‍ കാരണം ഒമ്പത് ശതമാനം ആളുകള്‍ ഉറക്കം കുറയുന്നുവെന്ന് സര്‍വേയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റൊരു ഒമ്പത് ശതമാനം പേര്‍ക്ക് ശ്വസന തടസ്സമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് വില്ലനാകുന്നത്.

എട്ട് മണിക്കൂര്‍ തടസ്സമില്ലാതെ ഉറങ്ങാന്‍ കഴിയാത്തതിന് ആറ് ശതമാനം ആളുകള്‍ക്ക് കുറ്റം ഫോണ്‍കോളുകളും മെസേജുകളുമാണ്.

പല ദിവസങ്ങളിലും കൃത്യമായി ഉറങ്ങാന്‍ കഴിയാതിരിക്കുമ്പോള്‍ അതിന്റെ ക്ഷീണം എങ്ങനെ മാറ്റുമെന്നുള്ള സര്‍വേയിലെ ചോദ്യത്തിന് ആളുകളുടെ മറുപടി ഇപ്രകാരമായിരുന്നു; 23 ശതമാനം പേര്‍ വാരാന്ത്യങ്ങളില്‍ കൂടുതല്‍ സമയം ഉറങ്ങുമെന്ന് പറഞ്ഞു. 36 ശതമാനം പേര്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഇതിനായി മാറ്റിവെക്കുമെന്നും 13 ശതമാനം ആളുകള്‍ മറ്റു അവധി ദിനങ്ങളില്‍ കൂടുതല്‍ സമയം ഉറങ്ങുമെന്നും മറുപടി നല്‍കി. എന്നാല്‍ വാരാന്ത്യങ്ങളില്‍ പോലും ഉറക്കക്കുറവ് നികത്താന്‍ കഴിയുന്നില്ലെന്ന് 38 ശതമാനം ആളുകളാണ് അഭിപ്രായപ്പെട്ടത്.

പകുതിയിലധികം ഇന്ത്യക്കാര്‍ ആറ് മണിക്കൂറില്‍ താഴെയാണ് ഉറങ്ങുന്നത് എന്നത് ആരോഗ്യപരമായ ഒരു ആശങ്കയാണെന്ന് ലോക്കല്‍ സര്‍ക്കിള്‍സിന്റെ സ്ഥാപകനായ സച്ചിന്‍ തപാരിയ പറഞ്ഞു.

ലോകത്ത് ഉറക്കക്കുറവ് ഉയര്‍ന്ന നിരക്കുന്ന രാജ്യങ്ങളില്‍ ഒന്നാമത് ഇന്ത്യയായിരിക്കുമെന്നും ഇത് ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പല ഇന്ത്യക്കാരും വൈകിയുള്ള ജോലി സമയം, ദീര്‍ഘയാത്ര മുതലായവ കാരണം രാത്രി 9 മണിക്ക് ശേഷമാണ് അത്താഴം കഴിക്കുന്നത്. കൂടാതെ പല കാരണങ്ങളാല്‍ രാവിലെ നേരത്തെ എണീക്കേണ്ടിയുംവരുന്നു. ഉറക്കത്തിന്റെ അളവും ഗുണനിലവാരവും മെച്ചപ്പെടണമെങ്കില്‍ ഈ ശൈലികള്‍ ആദ്യംമാറേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.