പലരും ഉറങ്ങാൻ കിടക്കാൻ നേരം ആദ്യം തപ്പുന്നത് തലയണ തന്നെയായിരിക്കും. എന്നാൽ തലയണ ഉപയോഗിക്കാതിരിക്കുന്നതാണ് ആരോഗ്യപ്രദം എന്ന വാദവും നിലനിൽക്കുന്നുണ്ട്. തലയണ എന്നാൽ തലയ്ക്കു മാത്രമല്ല കഴുത്തിനും സപ്പോർട്ട് ലഭിക്കാനായി ഉപയോഗിക്കുന്നതാണ്. തലയണ വയ്ക്കാതെ ഉറങ്ങുന്നതു കൊണ്ട് ഗുണവും ഉണ്ട് ദോഷവുമുണ്ട്
ഗുണങ്ങൾ
കട്ടിയുള്ള ഒരു തലയണ ഉപയോഗിക്കുന്നത് കഴുത്തിന് ആയാസം ഉണ്ടാക്കും. എന്നാൽ തലയണ ഇല്ലാതെ ഉറങ്ങുമ്പോൾ നട്ടെല്ല് ഒരു ന്യൂട്രൽ പൊസിഷനിൽ ആകും. അതുകൊണ്ട് വേദനയോ നട്ടെല്ലിനു സമ്മർദമോ ഉണ്ടാവുകയില്ല.
ഉയരമുള്ള ഒരു തലയണ ഉപയോഗിക്കുമ്പോൾ അത് നട്ടെല്ലിന്റെ അലൈൻമെന്റ് മാറ്റം വരുത്തും. അസ്വസ്ഥതയുണ്ടാക്കും. തലയണ ഒഴിവാക്കുന്നതു വഴി കഴുത്തിനുണ്ടാകുന്ന സമ്മർദം കുറയ്ക്കാനും കഴുത്തുവേദന ഇല്ലാതാക്കാനും സഹായിക്കും. തലയണയില്ലാതെ, ശരീരം സ്വാഭാവികമായ ഒരു ഉറക്കനില (sleeping posture)യുമായി ചേർന്ന് പോകും. ഇത് ഉറങ്ങുന്ന നില ശരിയാകാത്തതുമൂലം ഗുരുതരമായ കഴുത്തുവേദന ഉള്ളവർക്ക് സഹായകമാകും.
ദോഷങ്ങൾ
ചരിഞ്ഞു കിടന്ന് ഉറങ്ങുന്നവർക്ക് തലയണ ഇല്ലാതെ കിടക്കുന്നത് ആയാസമുണ്ടാക്കും. അവരുടെ തലയ്ക്ക് ഒരു സപ്പോർട്ട് ആവശ്യമാണ്. എങ്കിൽ മാത്രമേ നട്ടെല്ലുമായി ശരിയായി ചേർന്നു വരികയുള്ളൂ. സപ്പോർട്ട് ഇല്ലാത്തത് കഴുത്തിനും തോളുകൾക്കും വേദനയുണ്ടാക്കും. കമിഴ്ന്നു കിടന്ന് ഉറങ്ങുന്നവർക്ക് തലയിണ ഇല്ലാത്തതാണ് നല്ലത്. എന്നാൽ ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നവർക്ക് നട്ടെല്ലിന്റെ അലൈൻമെന്റ് ശരിയായി വരാൻ ഒരു സപ്പോർട്ട് ആവശ്യമാണ്. കൂടുതൽ ഉയരമുള്ള തലയിണ വയ്ക്കുന്നത് നട്ടെല്ലിനു നല്ലതല്ല. വിദഗ്ധ നിർദേശപ്രകാരം ആവശ്യമായ രീതി തിരഞ്ഞെടുക്കാം.
തലയണ ഇല്ലാതെ ഉറങ്ങാൻ ശീലിക്കാം. അതിനായി ആദ്യം തലയിണ പൂർണമായും ഒഴിവാക്കും മുൻപ് കനം കുറഞ്ഞ ഒരു തലയണ ഉപയോഗിക്കാം. ഇത് പുതിയ അവസ്ഥയുമായി നട്ടെല്ലിനും കഴുത്തിനും അഡ്ജസ്റ്റ് ചെയ്യാൻ സഹായകമാകും. തലയണ ഇല്ലാതെ തന്നെ നട്ടെല്ലിന് ശരിയായ നില കൈവരാൻ കട്ടിയുള്ള കിടക്ക ഉപയോഗിക്കാം.