കർണാടകയിലെ കാവേരി നദിയില്‍ പാലത്തിന് മുകളില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ നദിയിലേക്ക് വീണു കാണാതായ യുവാവിനായുള്ള തിരച്ചില്‍ ഊർജിതമാക്കി.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം സർവധർമ്മ ആശ്രമത്തിന് സമീപം പിക്നിക്കിന് എത്തിയതായിരുന്നു മഹേഷ്. പാലത്തിന്റെ കൈവരിയില്‍ ഇരുന്ന് സുഹൃത്ത് മൊബൈലില്‍ ഫോട്ടോ എടുക്കുന്നതിനിടെ മഹേഷിന്റെ കാല്‍തെറ്റി നദിയിലേക്ക് തലകീഴായി വീഴുകയായിരുന്നു.
ഈ അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മഹേഷ് നദിയിലേക്ക് വീഴുന്നത് കണ്ട് അടുത്ത് നിന്ന സുഹൃത്ത് നിലവിളിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.
അപകടം നടന്നയുടൻ, അഗ്നിശമന സേനാംഗങ്ങളും മറ്റ് രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. എന്നാല്‍, നദിയിലെ ശക്തമായ ഒഴുക്കും ഉയർന്ന ജലനിരപ്പും കാരണം രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് അധികൃതർ അറിയിച്ചു. മഹേഷ് അതിവേഗം ഒഴുക്കില്‍പ്പെട്ടു പോയതായും സംശയിക്കുന്നു.