ഉത്സവ പറമ്പിൽ നിന്നും പരിചയപ്പെട്ടു, സമൂഹ്യമാധ്യമത്തിലൂടെ അടുപ്പം സ്ഥാപിച്ച് പ്രണയം നടിച്ച് ലോഡ്ജിലെത്തിച്ചു ; കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് യുവാക്കൾ റിമാൻഡിൽ

06:05 PM Aug 10, 2025 | Neha Nair

കണ്ണൂർ : കണ്ണൂർ നഗരത്തിലെ താഴെ ചൊവ്വയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതികളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ചൊവ്വ സ്വദേശി വി.വി സംഗീത്, എടചൊവ്വയിലെ കെ.അഭിഷേക് , വൈദ്യർ പീടിക സ്വദേശി പി. ആകാശ് എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റുചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

15 വയസുകാരിയായ പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരമാണ് പ്രതികളെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റ് ചെയ്തത്. ആറു മാസം മുൻപാണ് സംഭവം. ഉത്സവ പറമ്പിൽ നിന്നും പരിചയപ്പെട്ട പെൺകുട്ടിയുമായി സമൂഹ്യമാധ്യമങ്ങളിലുടെ  അടുപ്പം സ്ഥാപിച്ച പ്രതികൾ പ്രണയം നടിച്ചു ലോഡ്ജിലെത്തിച്ചു ബലപ്രയോഗത്തിലൂടെ മയക്കി കിടത്താനുള്ള ദ്രാവകം കുടിപ്പിച്ചു പീഡിപ്പിച്ചു വെന്നാണ് പരാതി. 

ഈ കേസിൽ പത്തോളം പ്രതികളുണ്ടെന്നാണ് പൊലിസ് പറയുന്നത്. താൻ പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതേ തുടർന്ന് എടക്കാട് പൊലിസ് അന്വേഷണമാരംഭിച്ച കേസ് സംഭവം നടന്നത് കണ്ണൂർ ടൗൺ പരിധിയിലായതിനാൽ കണ്ണൂർ ടൗൺ പൊലിസിന് കൈമാറുകയായിരുന്നു. ഇരയായ പെൺകുട്ടിയുടെ മൊഴിയെടുത്തതിന് ശേഷമാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. മറ്റ് പ്രതികൾ സംഭവത്തിന് ശേഷം ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു.