കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 34 കേസുകളിലെയും നടപടികള്‍ അവസാനിപ്പിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം അതിലെ വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി പരാതിയുമായി പലരും രംഗത്തുവന്നിരുന്നു. പരാതികള്‍ കൂടിയതോടെയാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നത്.
എസ്ഐടിക്ക് മുന്നില്‍ മൊഴി നല്കാന് അതിജീവിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്കി. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്കിയവര് എന്നിട്ടും എസ്ഐടി അന്വേഷണവുമായി സഹകരിച്ചില്ല. തുടര്‍ന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട നിര്‍ദ്ദിഷ്ട നിയമം തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയുന്ന നിയമത്തിന് സമാനമാകരുത്. പുതിയ നിയമം നിലവില്‍ വരുന്നതുവരെ കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.