കേന്ദ്രസർക്കാർ ഊർജ മന്ത്രാലയത്തിന്റെ കീഴിൽ ഫരീദാബാദിൽ കോർപ്പറേറ്റ് ഓഫീസുള്ള നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (എൻപിടിഐ) ഫരീദാബാദിലും എൻപിടിഐയുടെ മറ്റ് കേന്ദ്രങ്ങളിലും നടത്തുന്ന വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിലെ (പിജിഡിസി) പ്രവേശനത്തിന് അപേക്ഷിക്കാം.
ദുർഗാപുർ (പശ്ചിമബംഗാൾ), ബദർപുർ (ന്യൂഡൽഹി), നാഗ്പുർ (മഹാരാഷ്ട്ര), നംഗൽ (പഞ്ചാബ്), ചേർത്തല (ആലപ്പുഴ -കേരളം), നെയ്‌വേലി (തമിഴ്നാട്), ശിവ്പുരി (മധ്യപ്രദേശ്), ബെംഗളൂരു (കർണാടക), ഗുവാഹാട്ടി (അസം) എന്നിവയാണ് മറ്റ് കേന്ദ്രങ്ങൾ.
പ്രോഗ്രാമിനനുസരിച്ച് നിശ്ചിത ബ്രാഞ്ചിലെ ബിടെക്/ബിഇ ബിരുദധാരികൾ/തത്തുല്യ യോഗ്യത ഉള്ളവർ എന്നിവർക്കാണ് അപേക്ഷിക്കാൻ അർഹത.
പ്രോഗ്രാമുകൾ, ദൈർഘ്യം, ഓരോന്നിനും വേണ്ട ബിടെക്/ബിഇ ബ്രാഞ്ച്
• പവർ പ്ലാന്റ് എൻജിനിയറിങ് (ഒരു വർഷം): മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്/സി ആൻഡ് ഐ/പവർ എൻജിനിയറിങ്. പവർ പ്ലാന്റുകളുടെ പ്രവർത്തനവും പരിപാലനവും പഠിക്കുന്നു.
• റിന്യൂവബിൾ എനർജി ആൻഡ് ഗ്രിഡ് ഇന്റർഫേസ് ടെക്നോളജീസ് (ഒരു വർഷം): ഇലക്‌ട്രിക്കൽ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്/സി ആൻഡ് ഐ/മെക്കാനിക്കൽ/പവർ എൻജിനിയറിങ്/കംപ്യൂട്ടർ സയൻസ്/ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഐടി. റിന്യൂവബിൾ എനർജി സോഴ്സസ്, എനർജി സിസ്റ്റംസ്, സപ്ലൈ എന്നിവയുമായി ബന്ധപ്പെട്ടുള്ള സാങ്കേതികവിദ്യകൾ, സാമ്പത്തികശാസ്ത്രം, നയം എന്നിവയുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ.
• പവർ ഡിസ്ട്രിബ്യൂഷൻ ആൻഡ് എമർജിങ് ടെക്നോളജീസ് (ഒരു വർഷം): ബ്രാഞ്ച് ഏതുമാകാം. ഇലക്‌ട്രിക്കൽ, പവർ ജനറേഷൻ-തെർമൽ, ഹൈഡ്രോ, ന്യൂക്ലിയർ ആൻഡ് ഗ്യാസ്, ഡിസ്ട്രിബ്യൂഷൻ ലൈനുകൾ, സബ്സ്റ്റേഷൻ, ട്രാൻസ്ഫോർമർ, മീറ്ററിങ്, കേബിളിങ്, കമ്യൂണിക്കേഷൻ, പ്രൊട്ടക്‌ഷൻ, ഒ ആൻഡ് എം, സൈബർ സെക്യൂരിറ്റി ആൻഡ് എമർജിങ് ടെക്നോളജി, റിന്യൂവബിൾ എനർജി സോഴ്സസ്, ട്രാൻസ്മിഷൻ, സേഫ്റ്റി ആൻഡ് റെഗുലേഷൻസ്, കോൺട്രാക്ട് മാനേജ്മെന്റ്, സോഫ്റ്റ് സ്കിൽസ് തുടങ്ങിയവ ഉൾപ്പെടുന്നതാണ് പാഠ്യപദ്ധതി
• ഹൈഡ്രോ പവർ പ്ലാന്റ് എൻജിനിയറിങ് (ഒൻപത് മാസം): മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്/പവർ എൻജിനിയറിങ്. ഹൈഡ്രോ പവർ പ്ലാന്റ് എൻജിനിയറിങ്ങിന്റെ എല്ലാ വശങ്ങളും പഠിക്കുന്നു.
• ട്രാൻസ്‌മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (ആറ് മാസം): ഇലക്‌ട്രിക്കൽ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്/പവർ എൻജിനിയറിങ്. പവർ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റങ്ങളുടെ എല്ലാ വശങ്ങളും കോഴ്സിൽ ഉൾക്കൊള്ളുന്നു.
ബാച്ച്‌ലർ പ്രോഗ്രാമിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് വേണം. 10, 12 ക്ലാസുകളിലും കുറഞ്ഞത് 60 ശതമാനം മാർക്ക് വേണം. പ്രവേശനത്തിന് പ്രായപരിധിയില്ല.
ആലപ്പുഴ കേന്ദ്രത്തിൽ ഒരു പ്രോഗ്രാം
കേരളത്തിലുള്ള എൻപിടിഐ സെൻറർ ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പള്ളിപ്പുറത്താണ്. ഇവിടെ ഒരു വർഷത്തെ പവർ പ്ലാന്റ് എൻജിനിയറിങ് പ്രോഗ്രാം ഉണ്ട്. 60 സീറ്റ്. വിവിധ കേന്ദ്രങ്ങളിലൽ ലഭ്യമായ പ്രോഗ്രാമുകൾ, സീറ്റുകൾ തുടങ്ങിയവ പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ്
അഭിമുഖം, കൗൺസലിങ് എന്നിവ ഓൺലൈനായി നടത്തും. ബിരുദതല മാർക്ക്, ഇൻറർവ്യൂ സ്കോർ എന്നിവയ്ക്ക് യഥാക്രമം 80-ഉം 20-ഉം ശതമാനം വെയ്റ്റേജ് നൽകി പ്രവേശന മെറിറ്റ് പട്ടിക തയ്യാറാക്കും. പ്രവേശന ഫീസ്/കൗൺസലിങ് ഫീസ് എന്നിവ ഓൺലൈൻ ആയി അടയ്ക്കാം.
അപേക്ഷ
www.npti.gov.in/en ലെ ബന്ധപ്പെട്ട ലിങ്ക് വഴി ജൂലായ് 21 വരെ നൽകണം. രജിസ്ട്രേഷൻ ഫീ 500 രൂപ. ക്ലാസുകൾ ഓഗസ്റ്റ് നാലിന് ആരംഭിക്കും. ഒഴിവുള്ള സീറ്റിലേക്ക് ഓഗസ്റ്റ് 22-ന് സ്പോട്ട് അഡ്മിഷൻ നടത്തും. ഫീസ് വിവരങ്ങൾ പോെസ്പക്ടസിൽ ഉണ്ട്.