വലിയ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തി പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ചിത്രങ്ങളുണ്ട്. ചിലതാവട്ടെ, വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ വന്ന് പ്രേക്ഷകരെ വിസ്മയിപ്പിച്ച് സൂപ്പർഹിറ്റായി മാറുന്നവ. കന്നഡ ചിത്രമായ 'സു ഫ്രം സോ' അത്തരത്തിലൊരു ചിത്രമാണ്.
ഈ വർഷത്തെ സർപ്രൈസ് ഹിറ്റുകളിൽ ഒന്നായി മാറിയ 'സു ഫ്രം സോ' കേരളത്തിലും തരംഗമായിരുന്നു. മലയാളത്തിലടക്കം വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണം നേടി. കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അശോക എന്ന യുവാവിന്റെ ദേഹത്ത് സോമേശ്വരത്തുകാരി സുമതിയുടെ പ്രേതം കേറുകയും നാട്ടുകാർക്ക് തലവേദനയായി മാറുകയും ചെയ്യുന്നു. സുമതിയില്‍ നിന്നും അശോകിനേയും അതുവഴി ഗ്രാമത്തെയും രക്ഷിച്ചെടുക്കാന്‍ ആ ഗ്രാമത്തിലുള്ളവര്‍ തീരുമാനിക്കുന്നതും നാട്ടിലെ പ്രധാന പരോപകാരിയായ രവിയണ്ണന്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. പടം ഹൊറർ ആണെങ്കിലും ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകർക്ക് ചിരിക്കാനുള്ള വക കാത്തുവയ്ക്കുന്നുണ്ട് സു ഫ്രം സോ.
ജെ.പി തുമിനാട് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. തുമിനാട് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും. ഷാനിൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ, രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിലുണ്ട്. ചന്ദ്രശേഖർ ഛായാഗ്രഹണവും നവാഗതനായ സുമേദ് സംഗീതവും നൽകുന്നു. എഡിറ്റിംഗ്- നിതിൻ ഷെട്ടി.
ജിയോ ഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ജിയോ ഹോട്സ്റ്റാറിൽ ഇന്ന് അർദ്ധരാത്രിയോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.