പ്രണയദിനത്തിന് 18 ദിവസം മുമ്പ് ക്രൂരമായി കൊല്ലപ്പെട്ട സുമതി; ജനങ്ങളെ ഇന്നും ഭയപ്പെടുത്തുന്ന ഒരു റോഡും വളവും

12:36 PM Aug 02, 2025 | Kavya Ramachandran

കഥകൾ, സിനിമ, നാടകം,-ഇവയൊക്കെയായി കേരളക്കരെയാകെ ഭയപ്പെടുത്തിയ ഒരു യക്ഷിയുണ്ടായിരുന്നു.സംസ്ഥാനത്ത് മറ്റൊരു യക്ഷിക്കും ലഭിക്കാത്ത സ്വീകാര്യത ലഭിച്ച കള്ളിയങ്കാട്ട് നീലി.കാലങ്ങിൾക്കിപ്പുറം ഇങ്ങ് തലസ്ഥാന ജില്ലയിലെ മലയോര മേഖലയിൽ ഇന്നും ഭയം വിതയ്ക്കുന്നൊരു യക്ഷി രൂപം കൊണ്ടു.സുമതി.

സുമതി കൊല്ലപ്പെട്ട വളവ് അഥവാ സമതി വളവിലൂടെ ആ പ്രദേശവും ഭയപ്പെടുത്തുന്ന പ്രദേശങ്ങളുടെ കൂട്ടത്തിൽ സ്ഥാനം പിടിച്ചു.പ്രണയദിനത്തിന് 18 ദിവസം മുൻപ് കൊല്ലപ്പെട്ട സുമതി ഇന്നും ഒരു നാടിനെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ് എന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. എംസി റോഡിലെ കാരേറ്റു നിന്നും പാലോട് പോകുന്ന റോഡിൽ മൈലമൂട് എന്ന സ്ഥലത്തെ സുമതിയെ കൊന്ന വളവ് എന്ന് കേട്ടാൽ കേൾക്കുന്നവരുടെ മനസ്സ് അറിയാതൊന്ന് കിടുങ്ങും.

വർഷങ്ങൾക്ക് മുമ്പ് കൊല ചെയ്യപ്പെട്ട സുമതിയെന്ന ഗർഭിണിയായ യുവതിയുടെ ആത്മാവ് ഗതി കിട്ടാതെ ഇവിടെ അലഞ്ഞു തിരിഞ്ഞ് നടക്കുന്നുവെന്ന വിശ്വാസമാണ്  ആ ഭയത്തിന് കാരണം.പട്ടാപകൽ പോലും ഇത് വഴി കടന്ന് പോകാൻ പലർക്കും ഭയമാണ്. അവരുടെ ആത്മാവിനെ ചുറ്റിപ്പറ്റി പ്രചരിയ്കുന്ന അല്ലെങ്കിൽ പ്രചരിപ്പിയ്കുന്ന ഭീകര കഥകൾ ജനങ്ങളെ ഈ പ്രദേശത്തു നിന്നും അകറ്റുന്നു.

ഈ കഥകൾക്ക് പിന്നിലെ വാസ്തവമെന്ത്? ഇവയെല്ലാം യാഥാർത്ഥ്യമാണോ അതോ വെറും കെട്ട് കഥകളോ? 

തിരുവന്തപുരം ജില്ലയിൽ പേഴുംമുടായിരുന്നു സുമതിയെന്ന സുമതിക്കുട്ടിയുടെ സ്ഥലം. കൊല്ലപ്പെടുമ്പോൾ 22 വയസ്സായിരുന്നു പ്രായം. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട കുടുംബമല്ലായിരുന്നു സുമതിയുടേത്. അയൽ വാസിയും വകയിൽ ബന്ധുവുമായ രത്‌നാകരൻ്റെ വീട്ടിൽ അടുക്കള ജോലികളിലും മറ്റും സഹായിയ്കാനായി സുമതി പോവുക പതിവായിരുന്നു.സുമതിയുടെ സൗന്ദര്യത്തിൽ മയങ്ങിയ രത്നാകരൻ സുമതിയുമായി പ്രണയത്തിലായി. രത്നാകരൻ്റെ ഇടപെടലിൽ സംശയമില്ലാതെ സുമതിയും ആ പ്രണയം ആസ്വദിച്ചു. ആ ബന്ധം വളർന്നു. 

ഒടുവിൽ സുമതി ഗർഭിണിയായി. ഗർഭിണിയാണ് എന്നറിഞ്ഞതോടെ സുമതിയെ ഒഴിവാക്കുവാൻ രത്നാകരൻ ശ്രമം തുടങ്ങി. രത്നാകരനെ വിവാഹം കഴിക്കണമെന്ന ഉറച്ച തീരുമാനത്തിൽ സുമതിയും. നിർബന്ധം സഹിക്കവയ്യാതെ രത്നാകരൻ സുമതിയെ എന്നെന്നേയ്ക്കുമായി ഒഴിവാക്കുവാൻ തന്നെ തീരുമാനിച്ചു. സുഹൃത്തിനോടൊപ്പം ചേർന്ന് ഉത്സവം കാണാൻ കൊണ്ടുപോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൈലമൂട് വളവിൽ വെച്ച് അവളെ കൊലപ്പെടുത്തിയെന്നാണ് ചരിത്രം .അ‍ങ്ങനെ മൈലമൂട് എസ് വളവ് നാട്ടുകാർക്ക് സുമതിയെ കൊന്ന വളവായി.

സുമതിയുടെ കൊലപാതകത്തിന് ശേഷം ഇവിടെ ദുർമരണങ്ങൾ പതിവ് സംഭവങ്ങളായി. റോഡരികിലും വനത്തിലും അടിയ്കടി പ്രത്യക്ഷപ്പെടുന്ന അനാഥ പ്രേതങ്ങൾ നാട്ടുകാരുടെ മാത്രമല്ല പൊലീസിൻ്റെയും ഉറക്കം കെടുത്തി. സുമതിയുടെ കൊല നടന്ന ശേഷം ഇതുവരെ ഇവിടെനിന്നും മുപ്പതിലധികം പേരെയെങ്കിലും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഫോറസ്റ്റ് ജീവനക്കാർ പറയുന്നത്. മറ്റെവിടെയെങ്കിലും വച്ച് കൊല നടത്തിയ ശേഷം മൃതദേഹങ്ങൾ ഇവിടെ കൊണ്ട് തള്ളുന്ന കാര്യവും തള്ളിക്കളയാനാവില്ലെന്നും അവർ വ്യക്തമാക്കുന്നു.

ഇപ്പോഴിതാ മലയാളികൾ ആകാംഷയോടെ കാത്തിരുന്ന ചിത്രമായ സുമതി വളവ് തിയറ്ററിൽ എത്തിയിരിക്കുകയാണ്. സിനിമാസ്വാദകരെ നിരാശപ്പെടുത്താതെ  മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കോമഡിയും ഹൊററും സ്റ്റാൻഡും എല്ലാം ഉൾപ്പെടുത്തി ഒരു ഫാമിലി എന്റർട്രെയ്നർ തന്നെയാണ് ചിത്രമെന്നാണ് ലഭിക്കുന്ന പ്രതികരണം.