വിഷ്ണുവും ശശിശങ്കറിന്റെ സംവിധാനത്തിൽ അർജുൻ അശോകൻ നായകനാകുന്ന സുമതി വളവിന്റെ ട്രെയ്ലർ പുറത്ത്. ട്രെയിലറിൽ ചിത്രത്തിലെ നർമ്മ രംഗങ്ങളും ഉദ്യോഗജനകമായ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ മൈലാമൂടിലുള്ള സുമതി വളവെന്ന സ്ഥലത്തെ ചുറ്റി പറ്റിയുള്ള പ്രേതകഥകളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
സുമതി വളവിൽ അർജുൻ അശോകനൊപ്പം ഗോകുൽ സുരേഷ്, മാളവിക മനോജ്, സിദ്ധാർഥ് ഭരതൻ, ബാലു വർഗീസ്, സൈജു കുറുപ്പ്, ശിവദ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണി മുകുന്ദൻ അയ്യപ്പൻറെ വേഷത്തിലെത്തിയ മാളികപ്പുറം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു ശശിശങ്കറും അഭിലാഷ് പിള്ളയും വീണ്ടും ഒരുമിക്കുന്നുവെന്നത് തന്നെയാണ് സുമതി വളവിന്റെ പ്രത്യേകത.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്തും ചേർന്നാണ് സുമതി വളവ് നിർമ്മിക്കുന്നത്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് ശങ്കർ പി.വി യാണ്.
മ്യൂസിക് 247 ന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ട്രെയിലറിന് ഇതിനകം മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. രഞ്ജിൻ രാജ് ഗാനങ്ങളും ബാക്ക്ഗ്രൗണ്ട് സ്കോറും കൈകര്യം ചെയ്തിരിക്കുന്ന ചിത്രത്തിലെ 3 ഗാനങ്ങൾ ഇതിനകം റിലീസ് ചെയ്തിട്ടുണ്ട്. സുമതി വളവ് ആഗസ്റ്റ് ഒന്നിന് തിയറ്ററുകളിലെത്തും.