സപ്ലൈക്കോയുടെ ആറ് പെട്രോൾ പമ്പുകൾ കൂടി തുടങ്ങും: മന്ത്രി ജി. ആർ അനിൽ

07:56 PM Oct 28, 2025 |


കൊല്ലം : സപ്ലൈക്കോയുടെ ആറ് പമ്പുകൾ കൂടി ഈ സാമ്പത്തികവർഷം തുടങ്ങുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ. സപ്ലൈക്കോയുടെ പതിനാലാമത് പെട്രോൾ പമ്പിന്റെ ശിലാസ്ഥാപനം കന്റോൺമെന്റ് സിവിൽ സപ്ലൈസ് കോംപ്ലക്‌സിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജനജീവിതത്തിന്റെ എല്ലാമേഖലകളിലും ആശ്വാസംപകരുന്ന പദ്ധതികളാണ് സപ്ലൈകോയുടെ നേതൃത്വത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പെട്രോൾ പമ്പുകൾക്ക് പുറമേ പാചകവാതകം, മരുന്നുകൾ, നിത്യോപയോഗസാധനങ്ങൾ തുടങ്ങിയവ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നു. നവംബർ ഒന്ന് മുതൽ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ സ്ത്രീകൾക്ക് സബ്‌സിഡിഇതരഉൽപ്പന്നങ്ങൾ 10 ശതമാനം വിലകുറവിൽ വാങ്ങാം. ഔട്ട്‌ലെറ്റുകളിൽ പ്രതിമാസം 25 രൂപയ്ക്ക് 20 കിലോ അരി ഓരോ കാർഡിനും ലഭ്യമാക്കും.

ഔട്ട്‌ലെറ്റുകൾ ഇല്ലാത്തയിടങ്ങളിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ വിപുലീകരിച്ച് നവംബർ ഒന്ന് മുതൽ സഞ്ചരിക്കുന്ന സൂപ്പർ സ്റ്റോറുകളായി പ്രവർത്തിക്കും. സപ്ലൈകോയുടെ പെട്രോൾ പമ്പുകളുടെ എണ്ണം വർധിപ്പിക്കുന്നതും ആലോചനയിലുണ്ട്. ഇന്ധനലഭ്യത ഉറപ്പാക്കി ആധുനികസൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എം നൗഷാദ് എം.എൽ.എ അധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി, മേയർ ഹണി എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന ഐ.ഒ.സി.എൽ റീട്ടെയിൽ സെയിൽസ് ജനറൽ മാനേജർ ഗൗരവ് കുന്ദ്ര റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപൻ, സംസ്ഥാന ഐ.ഒ.സി.എൽ ചീഫ് ജനറൽ മാനേജറും സംസ്ഥാന മേധാവിയുമായി ഗീഥിക മെഹ്‌റ, ഡെപ്യൂട്ടി കൺട്രോളർ ഓഫ് റേഷനിംഗ് സി.വി മോഹനൻ കുമാർ, ജില്ലാ സപ്ലൈ ഓഫീസർ ജി.എസ് ഗോപകുമാർ, തിരുവനന്തപുരം സപ്ലൈക്കോ റീജിയണൽ മാനേജർ എസ്.ആർ സ്മിത, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.