ന്യൂഡൽഹി : ഏത് ബില്ലും പിടിച്ചുവെക്കാൻ ഗവർണർമാർക്ക് സ്വതന്ത്രാധികാരമുണ്ടെന്ന വ്യാഖ്യാനം വലിയ പ്രശ്നമുണ്ടാക്കുന്നതാണെന്ന് സുപ്രീംകോടതി. ഗവർണറുടെ അധികാരം നിർണയിക്കുന്ന ഭരണഘടനയുടെ 200ാം അനുച്ഛേദത്തിന് കേന്ദ്ര സർക്കാർ അത്തരമൊരു വ്യാഖ്യാനം നൽകുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച സുപ്രീംകോടതി അങ്ങനെ വന്നാൽ പണ ബില്ലുകൾ പോലും പിടിച്ചുവെക്കുന്ന സ്ഥിതിവിശേഷം സംജാതമാകുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ, ഗവർണർക്ക് ഏത് ബില്ലും വീറ്റോ ചെയ്യാൻ അധികാരമുണ്ടെന്ന് കേന്ദ്രം വാദിച്ചു.
തമിഴ്നാട് ഗവർണർക്കെതിരായ തമിഴ്നാട് സർക്കാറിന്റെ കേസിൽ ബില്ലുകൾ പാസാക്കുന്നതിന് സമയപരിധി നിർണയിച്ച സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതി സമർപ്പിച്ച റഫറൻസിൽ വാദം കേൾക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്.
ഗവർണർക്ക് ബിൽ പിടിച്ചുവെക്കാൻ അധികാരം നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 200(1)-നെ നിയമസഭയിലേക്ക് ബില്ലുകൾ തിരിച്ചയക്കാൻ വ്യവസ്ഥയുള്ള അനുച്ഛേദം 200-മായി താരതമ്യം ചെയ്യരുതെന്ന വാദമാണ് കേന്ദ്രത്തിന്റെ പക്ഷത്തുനിന്ന് മഹാരാഷ്ട്ര സർക്കാറിന്റെ അഭിഭാഷകനായി ഹരീഷ് സാൽവെ ബോധിപ്പിച്ചത്. ഗവർണർ ഒരു ബിൽ ഒപ്പിടാതെ പിടിച്ചുവെച്ചാൽ ആ ബിൽ വീണ്ടും പരിഗണിക്കാനായി തിരികെ നിയമസഭയിലേക്ക് അയക്കണമെന്ന സുപ്രീംകോടതി നിലപാടിനോട് കേന്ദ്ര സർക്കാർ വിയോജിച്ചു.
സ്വതന്ത്രമായി ബില്ലുകൾ പിടിച്ചുവെക്കാനുള്ള അധികാരം ഗവർണർ ഉപയോഗിക്കുന്നത് പ്രശ്നമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പണബില്ലുകൾ അല്ലാത്തത് നിയമസഭയിലേക്ക് തിരിച്ചയക്കാമെന്നാണ് ഭരണഘടനാ അനുച്ഛേദം 200 പറയുന്നത്. അങ്ങനെ തിരിച്ചയക്കാതെ പിടിച്ചുവെക്കാം എന്ന വാദം അംഗീകരിച്ചാൽ പണബില്ലുകളും പിടിച്ചുവെക്കാമെന്നാണ് നിങ്ങൾ പറയുന്നതെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെ ചെയ്യാമെന്നായിരുന്നു സാൽവെയുടെ മറുപടി. പണബിൽ ഗവർണർക്ക് നിയമപരമായി തള്ളാനുള്ള വ്യവസ്ഥ എവിടെയാണെന്ന് ജസ്റ്റിസ് നരസിംഹ സാൽവെയോട് ചോദിച്ചു. പണബിൽ ഗവർണറുടെ അനുമതിയോടെയാണ് അവതരിപ്പിക്കാറുള്ളതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി.