സാങ്കേതിക സര്‍വകലാശാല വിസി നിയമന കേസ്:ഇന്ന് സുപ്രീം കോടതി പരിഗണിക്കും

11:00 AM Dec 05, 2025 | Kavya Ramachandran

സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് ഇന്ന്  സുപ്രീം കോടതി പരിഗണിക്കും. കഴിഞ്ഞ തവണ കേസ് നിയമനം വൈകിക്കുന്നതിൽ ഗവർണർക്കെതിരെ കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.അതേസമയം, മുഖ്യമന്ത്രിയുടെ ലിസ്റ്റ് വെട്ടാനാണ് ഗവര്‍ണര്‍ണറുടെ നീക്കം. കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാരായി സിസ തോമസിനെയും പ്രിയ ചന്ദ്രനെയും വേണമെന്നാണ് ഗവർണറുടെ ആവശ്യം. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.


ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനം വൈകുന്നതില്‍ സുപ്രീം കോടതി നേരത്തെ തന്നെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എത്രയും വേഗം തീരുമാനമെടുക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. മുഖ്യമന്ത്രി നല്‍കുന്ന പട്ടികയില്‍ നിന്നാകണം വിസി നിയമനമെന്ന് അനുശാസിക്കുന്ന സുപ്രീം കോടതി ഉത്തരവിൻ്റെ പകര്‍പ്പിന് പിന്നാലെ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സലര്‍ അക്കാര്യം അറിയിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിസിമാരായി സിസ തോമസിനെയും പ്രിയ ചന്ദ്രനെയും വേണമെന്നുള്ള ഗവർണറുടെ ആവശ്യം മുന്നോട്ട് വന്നത്.