സുരേഷ് ഗോപിയുടെ ജെഎസ്‍കെ ഇനി ഒടിടിയിലേക്ക്

06:15 PM Aug 05, 2025 | Kavya Ramachandran

സുരേഷ് ഗോപി നായകനായ ചിത്രമാണ് ജാനകി വി വേഴ്‍സസ് സ്റ്റേറ്റ് ഓഫ് കേരള. പ്രവീണ്‍ നാരായണനാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രേക്ഷകർക്കൊപ്പം നിരൂപകരിൽ നിന്നും വലിയ പ്രശംസയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ചിത്രം സീ 5ലൂടെ ഓഗസ്റ്റ് 15ന് ഒടിടിയില്‍ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലയാളി പ്രേക്ഷകർ എന്നും ഇഷ്ടപ്പെടുന്ന ആ ഫയർ ബ്രാൻഡ് സുരേഷ് ഗോപിയെ ആണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഒരു കോർട്ട് റൂം ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിൽ, സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായി വേഷമിട്ടിരിക്കുന്നു. തുടക്കം മുതൽ അവസാനം വരെ സുരേഷ് ഗോപി എന്ന നടൻ്റെയും താരത്തിൻ്റെയും തകർപ്പൻ പ്രകടനമാണ് ചിത്രം സമ്മാനിക്കുന്നത്. തീപ്പൊരി പാറുന്ന ഡയലോഗ് ഡെലിവറി കൊണ്ടും കിടിലൻ ആക്ഷൻ കൊണ്ടും ഗംഭീര അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും സുരേഷ് ഗോപി കയ്യടി നേടുന്നു.

ടൈറ്റിൽ കഥാപാത്രമായ ജാനകി ആയി തൻ്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് അനുപമ പരമേശ്വരൻ സമ്മാനിച്ചത്. അനുപമയുടെ അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുന്നുണ്ട്. ഇവരെ കൂടാതെ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ്, അസ്‌കർ അലി എന്നിവരും ശ്രദ്ധ നേടുന്ന പ്രകടനം കാഴ്ചവെച്ചു. ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്‍ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ബാലാജി ശർമ, രതീഷ് കൃഷ്‍ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്‍ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾ, ഇൻവെസ്റ്റിഗേഷൻ രംഗങ്ങൾ, ആക്ഷൻ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ കോർത്തിണക്കി ഒരുക്കിയ "ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള", മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്‍തിരിക്കുന്നത്.