ദീപാവലി ദിനത്തിൽ ആരാധകരിലേക്ക് ഗോഡ് മോഡ്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ പുതിയ ചിത്രമായ കറുപ്പിലെ ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് ഇന്ന് റിലീസ് ചെയ്തത്. ദീപാവലി റിലീസായി ചിത്രം എത്തിക്കാനാണ് ലക്ഷ്യമിട്ടത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോൾ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ആര്.ജെ ബാലാജി.
ദീപാവലിക്ക് റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ സിനിമയുടെ കമ്പ്യൂട്ടര്‍ വര്‍ക്കുകള്‍ തീരാൻ താമസം എടുക്കുന്നതിനാല്‍ റിലീസ് മാറ്റിയെന്നുമാണ് ആര്.ജെ ബാലാജി അറിയിച്ചിരിക്കുന്നത്. സിനിമയുടെ നിര്‍മാതാക്കള്‍ക്ക് ചിത്രം വളരെ ഇഷ്ടമായെന്നും ദീപാവലിക്ക് സിനിമയുടെ ആദ്യ ഗാനം റിലീസ് ചെയ്യുമെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. അതനുസരിച്ചാണ് ഇന്ന് ഗാനം പുറത്തുവിട്ടിരിക്കുന്നത്.
കറുപ്പിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് സായ് അഭ്യങ്കറാണ്. ഗോഡ് മോഡ് ഗാനത്തിന്റെ വരികൾ വിഷ്ണു ഇടവനാണ് എഴുതിയത്. കറുപ്പിൽ തൃഷയാണ് നായിക. 2005ന് ശേഷം സൂര്യയുമായി വീണ്ടും തൃഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കറുപ്പ്. ഇന്ദ്രൻസ്, യോഗി ബാബു, ശിവദ, സ്വാസിക, നട്ടി, സുപ്രീത് റെഡ്ഡി, അനഘ മായ രവി എന്നിവർ കറുപ്പിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജി.കെ.വിഷ്ണു ഛായാഗ്രാഹണം, കലൈവാണൻ എഡിറ്റിങ്, അരുൺ വെഞ്ഞാറമൂട് കലാസംവിധാനം, ഷോഫി, സാൻഡിയുടെയും കൊറിയോഗ്രഫിയും അൻപറിവിന്റേയും വിക്രം മോറിന്റെയും ആക്ഷൻസും കൊറിയോഗ്രാഫിയും കറുപ്പിന്റെ സാങ്കേതിക സംഘത്തിന്റെ പ്രത്യേകതയാണ്. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ. പ്രഭുവും എസ്.ആർ. പ്രകാശ് ബാബുവുമാണ് കറുപ്പിന്റെ നിർമാണം.