+

വാടക ഗർഭധാരണത്തിനായി 35 ലക്ഷം നൽകി, ജനിച്ചപ്പോൾ കുഞ്ഞിന് മാതാപിതാക്കളുമായി ജനിതക ബന്ധമില്ല ; ഡോക്ടറടക്കം 10 പേർ അറസ്റ്റിൽ

വാടക ഗർഭധാരണത്തിനായി 35 ലക്ഷം നൽകി, ജനിച്ചപ്പോൾ കുഞ്ഞിന് മാതാപിതാക്കളുമായി ജനിതക ബന്ധമില്ല ; ഡോക്ടറടക്കം 10 പേർ അറസ്റ്റിൽ

ഹൈദരാബാദ്: സെക്കന്തറാബാദിൽ അനധികൃത വാടക ഗർഭധാരണ, ബീജക്കടത്ത് റാക്കറ്റ് പിടിയിൽ. ഡോക്ടറടക്കം 10പേരാണ് പിടിയിലായത്. റെഗിമന്റൽ ബസാറിലെ ഡോ. നംറത മാനേജറായ യൂനിവേഴ്സൽ സൃഷ്ടി ഫെർട്ടിലിറ്റി സെന്ററിൽ ഹൈദരാബാദ് പൊലീസ് റെയ്ഡ് നടത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

വാടക ഗർഭധാരണം വഴി മാതാപിതാക്കളായ ദമ്പതികൾ പരാതിയുമായി രംഗത്തുവന്നതിന് പിന്നാലെയായിരുന്നു സെന്ററിൽ റെയ്ഡ് നടന്നത്. ഈ ക്ലിനിക്കിൽ വെച്ച് വാടക ഗർഭധാരണം വഴി ജനിച്ച കുഞ്ഞിന്റെ ഡി.എൻ.എ സാംപിൾ ദമ്പതികളുടെ സാംപിളുമായി യോജിക്കുന്നുണ്ടായിരുന്നില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പാവപ്പെട്ടവരെ ഗർഭധാരണത്തിലേക്ക് ആകർഷിക്കുന്നതും പ്രത്യുൽപാദന സാധനങ്ങളുടെ നിയമവിരുദ്ധമായ അന്തർസംസ്ഥാന കൈമാറ്റമടക്കം ഈ ഓപറേഷനിൽ ഉൾപ്പെട്ടിരുന്നു.

ഇപ്പോൾ സെക്കന്തരാബാദിൽ താമസിക്കുന്ന രാജസ്ഥാനിൽ നിന്നുള്ള ദമ്പതികളാണ് കബളിക്കപ്പെട്ടത്. വാടക ഗർഭധാരണത്തിനായി 35 ലക്ഷമാണ് ദമ്പതികൾ ക്ലിനിക്കിന് നൽകിയത്. എന്നാൽ കുഞ്ഞ് ജനിച്ചപ്പോൾ ഇവരുമായി യാ​തൊരു ജനിതക സാദൃശ്യവും കണ്ടെത്തിയതുമില്ല. വാടക ഗർഭപാത്രം നൽകിയ അമ്മയുടെ ഡി.എൻ.എ സാംപിൾ കുഞ്ഞിന്റെതുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുമ്പോൾ, ഡോ. നംറത അത് അനാവശ്യമായി നീട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഡൽഹിയിൽ വെച്ച് ദമ്പതികൾ സ്വന്തം നിലക്ക് ഡി.എൻ.എ പരിശോധന നടത്തി. ഫലം വന്നപ്പോഴാണ് കുഞ്ഞിന്റെ ഡി.എൻ.എ സാംപിളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന ഞെട്ടിക്കുന്ന സത്യം ദമ്പതികൾ മനസിലാക്കിയത്.

ഇക്കാര്യം ഡോ.നംറതയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ കൂടിക്കലരൽ നടന്നതായി അവർ സമ്മതിച്ചു. പ്രശ്നം പരിഹരിക്കാൻ കുറച്ച് സമയവും ആവശ്യപ്പെട്ടു. പിന്നീട് ഇവരെ കാണാതായി. തുടർന്നാണ് ദമ്പതികൾ ഗോപാലപുരം ​പൊലീസിൽ പരാതി നൽകിയത്. ഒട്ടും വൈകാതെ പൊലീസ് യൂനിവേഴ്സൽ സൃഷ്ടി ഫെർട്ടിലിറ്റി​ സെന്ററിൽ റെയ്ഡ് നടത്തി. ക്ലിനിക്കിലെ ജീവനക്കാരെയും ചോദ്യം ചെയ്തു. റെയ്ഡിനിടെ ഇവിടെ നിന്ന് സുപ്രധാന പല രേഖകളും ബീജ സാംപിളുകളും പിടിച്ചെടുത്തു. ഇത് ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.

വലിയൊരു ചങ്ങലയുടെ അറ്റമാണ് അന്വേഷണത്തിലൂടെ ചുരുളഴിഞ്ഞത്. നിയമവിരുദ്ധമായി ഗുജറാത്ത്, മധ്യപ്രദേശ് അടക്കമുള്ള നിരവധി സംസ്ഥാനങ്ങളിലേക്ക് ഈ ക്ലിനിക്കിൽ നിന്ന് അണ്ഡവും ബീജവും കടത്തിയതായി കണ്ടെത്തി. ഇന്ത്യൻ സ്​പേം ടെക് എന്ന ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനവുമായി ഈ ​ഫെർട്ടിലിറ്റി സെന്ററിന് ബന്ധമുണ്ടായിരുന്നുവെന്നും കണ്ടെത്തി.

തുടർന്ന് ഇന്ത്യൻ സ്​പേം ടെക്കിന്റെ റീജ്യനൽ മാനേജർ പങ്കജ് സോണിയടക്കം ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് നിന്ന് അണ്ഡവും ബീജവും കടത്തിയത് ഈ ആറുപേരുടെ സഹായത്തോടെയായിരുന്നു. 35ലക്ഷം രൂപ നൽകി ദമ്പതികളുടെ കുഞ്ഞിനെ പ്രസവിക്കാൻ വിശാഖപട്ടണത്ത് നിന്ന് വിമാനത്തിലാണ് സ്ത്രീയെ എത്തിച്ചത്. ഈ സ്ത്രീ പ്രസവിക്കാൻ പോകുന്ന കുഞ്ഞ് ദമ്പതികളുടെതാണെന്ന് ഡോക്ടർ നംറത വിശ്വസിപ്പിച്ചു. മെഡിക്കൽ എത്തിക്സിനെ പോ​ലും വെല്ലുവിളിച്ച് നടത്തിയ ഈ ഓപറേഷനിൽ കണ്ണിയായവരെ മുഴുവൻ പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് മറ്റ് ഫെർട്ടിലിറ്റി ക്ലിനിക്കുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.

facebook twitter