മുംബൈ ഭീകരാക്രമണ കേസിലെ പങ്ക് സമ്മതിച്ച് തഹാവൂര്‍ റാണ

08:28 AM Jul 08, 2025 |


മുംബൈ ഭീകരാക്രമണ കേസിലെ പങ്ക് സമ്മതിച്ച് തഹാവൂര്‍ റാണ. ആക്രമണ സമയത്ത് മുംബൈയില്‍ ഉണ്ടായിരുന്നതായും റാണ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍ സൈന്യത്തിന്റെ വിശ്വസ്ത ഏജന്റായിരുന്നെന്നും റാണ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. സുഹൃത്തും സഹായിയുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും താനും പാകിസ്താനിലെ ലെഷ്‌കര്‍-ഇ-തൊയ്ബയുടെ കീഴില്‍ നിരവധി പരിശീലന പരിപാടികളില്‍ പങ്കെടുത്തതായും തഹാവൂര്‍ റാണ മുംബൈ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു ചാര ശൃംഖലപോലെ ലെഷ്‌കര്‍-ഇ-തൊയ്ബ പ്രവര്‍ത്തിച്ചിരുന്നുവെന്നാണും റാണ വെളിപ്പെടുത്തി.

മുംബൈയില്‍ സ്വന്തം സ്ഥാപനത്തിന്റെ ഒരു ഇമിഗ്രേഷന്‍ സെന്റര്‍ തുറക്കാനുള്ള ആശയം തന്റേതാണെന്നും അതിലെ സാമ്പത്തിക ഇടപാടുകളും ബിസിനസ് ചെലവുകള്‍ എന്ന നിലയിലാണ് നടത്തിയതെന്നും റാണ സമ്മതിച്ചു. 26/11 ആക്രമണ സമയത്ത് താന്‍ മുംബൈയിലായിരുന്നുവെന്നും അത് തീവ്രവാദികളുടെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും റാണ വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് പോലുള്ള സ്ഥലങ്ങള്‍ പരിശോധിച്ചതായും 26/11 ആക്രമണം പാകിസ്ഥാന്റെ ഐഎസ്‌ഐയുമായി സഹകരിച്ചാണ് നടത്തിയതെന്ന് വിശ്വസിക്കുന്നതായും റാണ പറഞ്ഞതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. ഖലീജ് യുദ്ധകാലത്ത് പാകിസ്ഥാന്‍ സൈന്യം തന്നെ സൗദി അറേബ്യയിലേക്ക് അയച്ചതായും 64 കാരനായ അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിന് പിന്നാലെ മുംബൈ പോലീസ് റാണയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കാനുള്ള നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.