പതിനഞ്ചുകാരിയുടെ നഗ്‌നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍

11:50 AM Sep 15, 2025 |



പാലക്കാട്: പതിനഞ്ചുകാരിയുടെ നഗ്‌നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. കൊല്ലം പുന്നല പടയണിപ്പാറ ഷണ്‍മുഖവിലാസം പിറവന്തൂര്‍ സ്വദേശി ബി. ബിപിനെയാണ് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിനിയായ പതിനഞ്ചുകാരിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് നഗ്‌നവീഡിയോകളും മറ്റും ആവശ്യപ്പെട്ടു. പിന്നീട് ആയത് കാണിച്ച് സാമൂഹ്യമാധ്യമം വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ചൂഷണം ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്.

സ്‌നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട പ്രതി തിരിച്ചറിയാത്ത തരത്തില്‍ മൊബൈല്‍ സാങ്കേതിക ഉപയോഗിച്ചാണ് പെണ്‍കുട്ടിയുമായി ആശയവിനിമയം നടത്തിയത്. ഇത് പ്രതിയെ കണ്ടെത്തുന്നതിന് പോലീസിന് സങ്കീര്‍ണ്ണതകള്‍ സൃഷ്ടിച്ചുവെങ്കിലും സൈബര്‍ പോലീസിന്റെയും സമാനരീതിയിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെയും പാത പിന്തുടര്‍ന്നാണ് പ്രതിയെ കുടുക്കിയത്. എറണാകുളത്തുനിന്നാണ് ഇന്നലെ പുലര്‍ച്ചെ പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതി സമാനരീതിയില്‍ ധാരാളം പെണ്‍കുട്ടികളെ ഇത്തരത്തില്‍ പരിചയപ്പെട്ട് ചതിയില്‍പെടുത്തിയിട്ടുള്ളതാണെന്നും വ്യക്തമായി.

കോഴിക്കോട് തേഞ്ഞിപ്പാലത്ത് സമാനമായ കേസില്‍ പ്രതി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ശരീരത്തില്‍ ടാറ്റൂ അടിക്കുന്ന തൊഴില്‍ ചെയ്യുന്ന പ്രതി കോസ്‌മെറ്റിക് സയന്‍സില്‍ ബിരുദ വിദ്യാര്‍ഥിയാണ്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം എ.എസ്.പി രാജേഷ് കുമാര്‍, സൗത്ത് ഇന്‍സ്‌പെക്ടര്‍ വിപിന്‍കുമാര്‍, എസ്.ഐമാരായ വി. ഹേമലത, എം. സുനില്‍, എ.എസ്.ഐമാരായ ബിജു, നവോജ്, മറ്റു പോലീസ് ഉദ്യോഗസ്ഥരായ ആര്‍. രാജീദ്, മഹേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷണം നടത്തിയത്.