ന്യൂഡല്‍ഹി: ഒന്നര വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വിവാഹമോചന ആവശ്യവുമായി എത്തിയ ഒരു ഐടി പ്രൊഫഷണലിന്റെ നഷ്ടപരിഹാര ആവശ്യത്തില്‍ സുപ്രീം കോടതിയുടെ കര്‍ശന നിരീക്ഷണം. മുംബൈയില്‍ ആഡംബര ഫ്‌ലാറ്റ്, 12 കോടി രൂപ ജീവനാംശം, ബിഎംഡബ്ല്യു കാര്‍ എന്നിവയാണ് ഈ യുവതി ഭര്‍ത്താവില്‍ നിന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, യുവതിയുടെ ഉയര്‍ന്ന വിദ്യാഭ്യാസവും ജോലി ചെയ്യാനുള്ള ശേഷിയും ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചോദിച്ചത് ഇതെല്ലാം സ്വന്തമായി സമ്പാദിച്ചുകൂടെയെന്നാണ്.
ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. യുവതി ഒരു ഐടി പ്രൊഫഷണലും എംബിഎ ബിരുദധാരിയുമാണ്. ബെംഗളുരുവിലും ഹൈദരാബാദിലുമെല്ലാം ടെക് ഹബ്ബുകളില്‍ ജോലി ചെയ്യാന്‍ ശേഷിയുള്ള ഇവര്‍ എന്തിനാണ് ഭര്‍ത്താവിന്റെ പണത്തെ ആശ്രയിക്കുന്നതെന്ന് കോടതി ചോദിച്ചു. നിങ്ങളെപ്പോലെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ഒരാള്‍ 18 മാസം മാത്രം നീണ്ട ഒരു വിവാഹത്തിന് ശേഷം ഇത്രയും വലിയ തുകയും ആഡംബര കാറും ഫ്‌ലാറ്റും ആവശ്യപ്പെടുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ഗവായ് ആണ് ചോദിച്ചത്.
ഭര്‍ത്താവ് 'വളരെ ധനികനാണ്' എന്ന വാദമാണ് യുവതി ഉന്നയിച്ചത്. ഭര്‍ത്താവ് വിവാഹം റദ്ദാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, തനിക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിച്ചതായും യുവതി കോടതിയില്‍ പറഞ്ഞു. എന്നാല്‍, കോടതി ഈ വാദങ്ങളോട് കാര്യമായി പ്രതികരിച്ചില്ല.
ഭര്‍ത്താവിന്റെ അഭിഭാഷക മാധവി ദിവാന്‍, യുവതി ഇപ്പോള്‍ മുംബൈയിലെ ഒരു ആഡംബര ഫ്‌ലാറ്റില്‍ താമസിക്കുന്നുണ്ടെന്നും, രണ്ട് പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉള്‍പ്പെടെ ഈ ഫ്‌ലാറ്റിന് വാടക വരുമാനം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും വാദിച്ചു. ബിഎംഡബ്ല്യു കാര്‍ 10 വര്‍ഷം പഴക്കമുള്ളതാണ്, ഇപ്പോള്‍ നിര്‍മ്മാണം നിര്‍ത്തിയ മോഡലാണ്, എന്നും അവര്‍ ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി യുവതിക്ക് രണ്ട് ഓപ്ഷനുകള്‍ നല്‍കി. കടബാധ്യതകളില്ലാത്ത ഒരു ഫ്‌ലാറ്റ് സ്വീകരിക്കുക, 4 കോടി രൂപ നഷ്ടപരിഹാരമായി സ്വീകരിച്ച് ബെംഗളൂരു, ഹൈദരാബാദ്, അല്ലെങ്കില്‍ പൂനെ പോലുള്ള ഐടി ഹബ്ബുകളില്‍ ജോലി തേടുക എന്നതാണ് അവ.
വിദ്യാസമ്പന്നരായ വ്യക്തികള്‍ സ്വന്തമായി സമ്പാദിക്കണമെന്നും ജീവനാംശത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നത് ശരിയല്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. ഈ നിരീക്ഷണം ഡല്‍ഹി ഹൈക്കോടതിയുടെ 2024 മാര്‍ച്ചിലെ ഒരു വിധിയെ ഓര്‍മ്മിപ്പിക്കുന്നതാണ്.
ജസ്റ്റിസ് ചന്ദ്ര ധാരി സിംഗ്, ദമ്പതികള്‍ക്കിടയില്‍ തുല്യത നിലനിര്‍ത്തുകയും ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക് സംരക്ഷണം നല്‍കുകയുമാണ് ഈ വകുപ്പിന്റെ ഉദ്ദേശ്യം എന്ന് അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസവും അനുയോജ്യമായ ജോലിയില്‍ പരിചയവുമുള്ള ഒരു ഭാര്യ, ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ മാത്രമായി നിഷ്‌ക്രിയയായി ഇരിക്കരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.