മുംബൈയിൽ കൗമാരക്കാരിയെ പ്രണയം വീണ്ടെടുക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട്, 16.18 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. രാജസ്ഥാനിൽ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പൈഡോണിയിലെ ഒരു വീട്ടിൽ നിന്നും സ്വർണവും പണവും മോഷണം പോയി എന്ന പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഓഗസ്റ്റ് 1 ന് വീട്ടിൽ മോഷണം നടന്നു എന്നായിരുന്നു പരാതി. 129 ഗ്രാം സ്വർണ്ണവും പണവും മോഷണം പോയി എന്നതായിരുന്നു കുറ്റം. പരാതിക്കാരിയായ സ്ത്രീയുടെ കൗമാരക്കാരിയായ മകളെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികളിലേക്കുള്ള സൂചന പൊലീസിന് ലഭിച്ചത്.
മാതാപിതാക്കൾ എതിർത്തതിനാൽ പ്രണയബന്ധം തകർന്നുവെന്നും, ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട ഇർഫാൻ ഖാൻജി എന്ന ഒരാൾ അത് വീണ്ടെടുത്ത് നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നും പെൺകുട്ടി പറഞ്ഞു. ഒരു ചടങ്ങ് നടത്തണമെന്നും അതിനായി ഒരു വെള്ളി പാത്രം, സ്വർണ്ണാഭരണങ്ങൾ മുതലായവ നൽകമെന്നും അവർ ആവശ്യപ്പെട്ടു.
പെൺകുട്ടി അത് സമ്മതിക്കുകയും മുംബൈയിലെത്തിയ പ്രതികൾ ഇവ മോഷ്ടിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴി അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിൽ വികാസ് മേഘ്‌വാൾ (22), മനോജ് നാഗ്പാൽ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡൽഹിയിലും ഹരിയാനയിലും ഇതേ രീതിയ ഉപയോഗിച്ച് ഇവർ തട്ടിപ്പ് നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു