ഇന്ത്യൻ ടെലിവിഷൻ സീരിയൽ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേത്രിയായി മുൻകേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഒരു എപ്പിസോഡിന് 14 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്നുവെന്നായിരുന്നു പ്രാചരണം. ഇപ്പോൾ സ്മൃതി തന്നെ സ്ഥിരീകരണവുമായി രംഗത്തെത്തി. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ടെലിവിഷൻ നടിയാണ് താനെന്ന് സ്മൃതി ഇറാനി സിഎൻഎൻ-ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം, എത്രയാണ് പ്രതിഫലമെന്ന് വെളിപ്പെടുത്തിയതുമില്ല. ക്യുങ്കി സാസ് ഭി കഭി ബഹു തി 2 എന്ന സീരിയലിലൂടെയാണ് സ്മൃതി ഇറാനി അഭിനയരംഗത്തേക്ക് തിരിച്ചുവന്നത്. തുളസി വിരാനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
ഒരു പ്രൊഫഷണലെന്ന നിലയിൽ, എത്രയാണ് പ്രതിഫലം ലഭിക്കുന്നതെന്ന് പറയാനാകില്ല, നാമെല്ലാവരും ഒരു വലിയ സ്ഥാപനത്തിന്റെയും ജോലിയുടെയും ഭാഗമാണെന്നും സഹതാരങ്ങളുടെ കരിയർ ഉയർത്താനുള്ള കഴിവ് തനിക്കുണ്ടെന്നും സ്മൃതി ഇറാനി അവകാശപ്പെട്ടു. ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും വിജയകരമായ ഷോകളിൽ ഒന്നായിരുന്നു 'ക്യുങ്കി സാസ് ഭി കഭീ ബഹു ഥി'. മാതൃക മരുമകളായ തുളസി വിരാനി (സ്മൃതി ഇറാനി)യുടെ കഥയാണ് ശോഭ കപൂറും ഏക്ത കപൂറും ചേർന്ന് നിർമ്മിച്ച പരമ്പരയുടെ ഇതിവൃത്തം.
2000 മുതൽ 2008 വരെയാണ് 'ക്യുങ്കി സാസ് ഭി കഭി ബഹു ഥി' ടെലിവിഷനിൽ സംപ്രേഷണം ചെയ്തത്. ഏഴ് വർഷത്തോളം ടിആർപി ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തെത്തി. ഈ പരമ്പരയിലൂടെ ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡുകളിൽ നിന്ന് മികച്ച നടി - ജനപ്രിയ വിഭാഗത്തിൽ സ്മൃതി തുടർച്ചയായി അഞ്ച് അവാർഡുകളും നേടി. ഈ പരമ്പര 1500 ലധികം എപ്പിസോഡുകൾ പൂർത്തിയാക്കി.
സ്മൃതിയും അമർ ഉപാധ്യായയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന സീരിയലിൽ ഹിതൻ തേജ്‌വാനി, ഗൗരി പ്രധാൻ, രോഹിത് സുചാന്തി, ഷാഗുൺ ശർമ്മ, അമൻ ഗാന്ധി, തനിഷ മേത്ത, അങ്കിത് ഭാട്ടിയ, പ്രാചി സിംഗ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സ്റ്റാർപ്ലസിൽ പ്രീമിയർ ചെയ്യുന്ന ഈ ഷോ ജിയോ ഹോട്ട്‌സ്റ്റാറിൽ ഓൺലൈനായി സ്ട്രീം ചെയ്യാൻ ലഭ്യമാണ്