വടകര : വടകരയിൽ കാരവനിൽ മരിച്ച നിലയിൽ കണ്ടെത്തിയവരിൽ കണ്ണൂർ തളിപ്പറമ്പ് തിമിരി സ്വദേശിയും. തളിപ്പറമ്പ് തിമിരി തട്ടുമ്മൽ നെടുംചാലിൽ പറശേരി വിട്ടിൽ ജോയൽ, ഡ്രൈവർ വണ്ടൂർ വാണിയമ്പലം മുടപ്പിലാശേരി പരിയാരത്ത് വീട്ടിൽ മനോജ് കുമാർ എന്നിവരെയാണ് ദുരൂഹ സാഹചര്യത്തിൽമരിച്ച നിലയിൽ കണ്ടെത്തിയത്.
പാതയോരത്ത് നിർത്തിയിട്ട കാരവനിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത് നാടിനെ ആശങ്കയിലാക്കിയിട്ടുണ്ട്. തിങ്കളാഴ്ച്ചരാത്രി എട്ടോടെയാണ് കരിമ്പനപ്പാലം കെടിഡിസിയുടെ ആഹാർ റസ്‌റ്റോറന്റിന് സമീപത്തായി നിർത്തിയിട്ട വാഹനത്തിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടത്.
കാരവൻ ഞായറാഴ്ച്ച രാത്രിയോടെ നിർത്തിയിട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തിങ്കളാഴ്ച്ചവൈകിട്ടോടെ സമീപവാസിക്ക് ഫോൺ കോളിലൂടെ ലഭിച്ച വിവരം അനുസരിച്ചാണ് നാട്ടുകാർ വാഹനത്തിനടുത്തെത്തി പരിശോധിച്ചത്. പരിശോധനയിൽ ഡോറിന് സമീപത്തായി ഒരാൾ കിടക്കുന്ന നിലയിൽ കണ്ടെത്തി.
പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മറ്റൊരാൾ വാഹനത്തിന്റെ ബർത്തിലും മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. ഫ്രീ ലാൻഡ് ഗ്രൂപ്പ് ഓഫ് ലോജിസ്റ്റിക് മലപ്പുറത്തിന്റേതാണ് കാരവൻ. കണ്ണൂരിൽ വിവാഹപാർട്ടിയെ ഇറക്കി തിരിച്ചുപോവുകയായിരുന്നു.
സൈഡ് ഗ്ലാസ് മാത്രമുള്ള എയർകണ്ടീഷൻ ചെയ്ത വാഹനമാണിത്. ഭക്ഷണം കഴിച്ചശേഷം വാഹനത്തിൽ കിടന്ന് ഉറങ്ങിപ്പോയതാവാനാണ് സാധ്യത. വാഹനത്തിനുള്ളിലേക്കുള്ള വായുസഞ്ചാരം നിലച്ചിട്ടുണ്ടാവാം. രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയിലാവാം ഒരാൾ ഡോറിനടുത്തേക്ക് എത്തിയതെന്നുമാണ് സൂചന.
മരിച്ചവരുടെ ബന്ധുക്കളെയും വാഹനത്തിന്റെ ഉടമസ്ഥരെയും വിവരം അറിയിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും ആർഡിഒയും ഉൾപ്പെടെയുള്ള സംഘമെത്തി പരിശോധിച്ചശേഷം മൃതദേഹം സംഭവ സ്ഥലത്തുനിന്ന് മാറ്റി.