വള കാക്ക കൊത്തികൊണ്ട് പോയി, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കാക്കക്കൂട്ടില്‍ നിന്നു തന്നെ തിരിച്ചുകിട്ടി..

11:04 AM Jul 15, 2025 |


മൂന്ന് വർഷം മുൻപ് കാക്ക കൊത്തിക്കൊണ്ടു പോയ സ്വർണ്ണവള ഉടമയ്‌ക്ക് തിരിച്ചുകിട്ടി. മഞ്ചേരി തൃക്കലങ്ങോട്ടാണ്  അവിശ്വസനീയമായ സംഭവം നടന്നത്. മരം വെട്ടുകാരൻ അൻവർ സാ​ദത്തിനാണ് കാക്കയുടെ കൂട്ടിൽ നിന്നും സ്വർണവള ലഭിച്ചത്. പിന്നീട് അത് വളയുടെ ഉടമയായ ഹരിതയിൽ എത്തുകയായിരുന്നു.

സംഭവം ഇങ്ങനെയായിരുന്നു. തൃക്കലങ്ങോട് പെരുമ്പലത്തിൽ സുരേഷിന്റെ മരുമകളും മകൻ ശരത്തിന്റെ ഭാര്യയുമായ ഹരിതയുടെ വളയാണ് കാക്ക 'തട്ടിയെടുത്തത്'. 2022 ഫെബ്രുവരി 24ന് കയ്യിലെ വള തൊട്ടടുത്ത് ഊരിവെച്ച് വീട്ടിലെ കുളിമുറിയ്ക്കു സമീപം ‍അലക്കുകയായിരുന്നു ഹരിത. ഒന്നര പവൻ തൂക്കം വരുന്ന വളയായിരുന്നു ഇത്. ശരത് ഹരിതയ്ക്ക് വിവാഹ നിശ്ചയത്തിന് സമ്മാനമായി നൽകിയതായിരുന്നു വള. എന്നാൽ അലക്കികൊണ്ടിരിക്കുകയായിരുന്ന ഹരിതയുടെ കണ്ണുവെട്ടിച്ച് വള കാക്ക കൊത്തിയെടുക്കയായിരുന്നു.

ഇതിനിടയിൽ കഴിഞ്ഞ മാസമാണ്  നാട്ടുകാരനായ ചെറുപള്ളി അൻവർ സാദത്ത് മാങ്ങപറിക്കാൻ വേണ്ടി മാവിൽ കയറിയപ്പോഴാണ് ഒരു കാക്കകൂട് മരത്തിൽ കാണുന്നത്. കൂടിനകത്ത് എന്തോ തിളങ്ങുന്നത് കണ്ടപ്പോൾ അൻവർ സാദത്ത് അടുത്ത് ചെന്ന് നോക്കുകയായിരുന്നു. അപ്പോഴാണ് മുറിഞ്ഞു കിടക്കുന്ന വളക്കഷ്ണങ്ങൾ കൂട്ടിൽ നിന്നു ലഭിച്ചത്. മൂന്ന് കഷ്ണങ്ങളായി കൂടിനെ അലങ്കരിച്ച രീതിയിൽ വള വെച്ചിരിക്കുകയായിരുന്നു കാക്ക.

പിന്നാലെ വള എടുത്ത് മാവിൽ നിന്ന് ഇറങ്ങിയ അൻവർ വളയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. തൃക്കലങ്ങോട് പൊതുജനവായനശാല ആൻഡ് ഗ്രന്ഥാലയം സെക്രട്ടറി ഇ.വി ബാബുരാജിനെ ഉടമയെ കണ്ടെത്തുന്നതിനായി അൻവർ സമീപിച്ചു. പിന്നാലെ ബാബുരാജ് തെളിവുമായി വരുന്നവർക്ക് വള തിരിച്ചുനൽകും എന്ന് കാണിച്ച് വായനശാലയിൽ നോട്ടിസ് പ്രദർശിപ്പിച്ചു.

ഈ വിവരം പിന്നാലെ സുരേഷിന്റെ കാതിലുമെത്തി. അങ്ങനെയാണ് സുരേഷും ഹരിതയുമെല്ലാം ചേർന്ന് വായനശാലയിൽ എത്തി വള തിരിച്ചു വാങ്ങിയത്. തെളിവായി, വള വാങ്ങിയ പെരിന്തൽമണ്ണയിലെ ജ്വല്ലറിയിലെ ബിൽ, ശരത് - ഹരിതയെ വിവാഹനിശ്ചയ ദിവസം വള അണിയിക്കുന്ന ഫോട്ടോ അടങ്ങിയ ആൽബം എന്നിവ കുടുംബം വായനശാലയിൽ എത്തിച്ചു.തിരിച്ചുകിട്ടാൻ ഒരു സാധ്യതയും ഇല്ലെന്ന് കരുതിയ തന്റെ വള തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലും അത്ഭുതത്തിലുമാണ് ഹരിതയും കുടുംബവും.