+

വേട്ടയാടലുകള്‍ക്ക് പിന്നില്‍ അയാള്‍ ഇന്നലെകളില്‍ നടത്തിയ പോരാട്ടം'; പിന്തുണയുമായി പി കെ നവാസ്

പികെ ബുജൈറും സഖാവ് റിയാസും തമ്മിലുള്ള ബന്ധം പോലീസ് അന്വേഷിക്കട്ടെ,

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ സഹോദരന്റെ അറസ്റ്റിന് പിന്നാലെ പികെ ഫിറോസിനെ പിന്തുണച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. സഹോദരനെതിരായ കേസിന്റെ പേരില്‍ ഫിറോസ് വേട്ടയാടപ്പെടാന്‍ കാരണം അയാള്‍ ഇന്നലെകളില്‍ നടത്തിയ പോരാട്ടമാണെന്ന് പി കെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചു. ഈ കേസിന്റെ പേരില്‍ പി കെ ഫിറോസിന്റെ ശിരസ്സ് ഒന്ന് വളച്ചുകളയാമെന്ന കിനാവ് തത്കാലം കയ്യിലിരിക്കട്ടെ. പി കെ ഫിറോസ് സാഹിബിന്റെ പത്രസമ്മേളനം ക്രിസ്റ്റല്‍ ക്ലിയറാണെന്നും പി കെ ഫിറോസ് പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പി.കെ ബുജൈര്‍ മുസ്ലിം ലീഗ് പാര്‍ട്ടിയിലോ ഏതെങ്കിലും ഘടകങ്ങളിലോ അംഗത്വമുള്ള വ്യക്തിയല്ല. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും കോടിയേരിയുടെ 2 മക്കളും പങ്കെടുത്തത് പോലെ പാര്‍ട്ടി സമ്മേളനങ്ങളിലോ മുസ്ലിം ലീഗ് വേദികളിലോ നിങ്ങള്‍ക്ക് അയാളെ കാണാനാകില്ല. എന്നുമാത്രമല്ല മുസ്ലിം ലീഗിനോട് വിയോജിക്കുന്ന പലകാര്യങ്ങളും പലവേളകളില്‍ പ്രകടിപ്പിച്ച വ്യക്തിയാണ്.

പി.കെ ബുജൈറില്‍ നിന്ന് ലഹരിയോ ലഹരി വസ്തുക്കളോ കണ്ടെത്തിയിട്ടില്ല. സഖാവ് റിയാസ് തുടരയിലിനെ ഇന്നലെ ലഹരി ഇടപാട് നടത്തിയതിന് പോലീസ് പിടികൂടുകയുണ്ടായി. ഇത്രയും ഗൗരവമായ ഒരു കേസില്‍ അയാളെ വെറുതെ വിട്ട പോലീസ് നടപടി അന്വേഷിക്കണം. അയാളെ വെറുതെവിടാന്‍ ശ്രമിച്ച സിപിഎം നേതാക്കളെ ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.


പികെ ബുജൈറും സഖാവ് റിയാസും തമ്മിലുള്ള ബന്ധം പോലീസ് അന്വേഷിക്കട്ടെ, കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കട്ടെ.

ലഹരി മാഫിയ തലവനായ ബിനീഷ് കോടിയേരിയെയും സര്‍ക്കാര്‍ ഖജനാവ് തുരന്ന് മുടിച്ച രാജാവിന്റെ മകളെയും സെലിബ്രേറ്റ് ചെയ്യുന്ന നവ കേരളത്തില്‍ മുസ്ലിം ലീഗ് പ്രസ്ഥാനമുണ്ടാകില്ല.

പികെ ഫിറോസിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും സോഷ്യല്‍ മീഡിയയില്‍ പരസ്യമായി നിരന്തരം വിമര്‍ശിക്കുന്ന സഹോദരനായിട്ടും ഈ കേസിന്റെ പേരില്‍ പികെ ഫിറോസിനെ വേട്ടയടപ്പെടാന്‍ കാരണം ഒന്ന് മാത്രമാണ്. 'അയാള്‍ ഇന്നലകളില്‍ നടത്തിയ പോരാട്ടം'

ഈ കേസിന്റെ പേരില്‍ പി.കെ ഫിറോസിന്റെ ശിരസ്സ് ഒന്ന് വളച്ചുകളയാമെന്ന കിനാവ് തത്കാലം കയ്യിലിരിക്കട്ടെ.

പികെ ഫിറോസ് സാഹിബിന്റെ പത്രസമ്മേളനം ക്രിസ്റ്റല്‍ ക്ലിയര്‍

facebook twitter