ചവറ്റുകൊട്ടയിലിടേണ്ട സിനിമയാണ് ദ കേരള സ്റ്റോറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ദുഷിച്ച അജണ്ടയാണ് സിനിമ മുന്നോട്ടുവെക്കുന്നതെന്നും മനോഹരമായ തന്റെ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും വേണുഗോപാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
'ബിജെപി എങ്ങനെയാണ് വിദ്വേഷത്തെ സ്പോണ്‍സര്‍ ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ ചിത്രത്തിന് ലഭിച്ച ദേശീയ അവാര്‍ഡ്. സ്വന്തം രാജ്യത്തെ സര്‍ക്കാരില്‍ നിന്ന് നേരിട്ട ഈ അപമാനം കേരളം ഒരിക്കലും സഹിക്കില്ല. കേരളത്തിലെ സ്നേഹവും സാഹോദര്യമനോഭാവവുമുള്ള ജനങ്ങള്‍ ബിജെപിയെ കഠിനമായി ശിക്ഷിക്കും', കെ സി വേണുഗോപാല്‍ പറഞ്ഞു.
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ദ കേരള സ്റ്റോറിക്ക് രണ്ട് പുരസ്‌കാരങ്ങളായിരുന്നു ലഭിച്ചത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം കേരള സ്റ്റോറി സംവിധായകന്‍ സുധിപ്‌തോ സെന്നും മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം പ്രശാന്തനു മോഹപാത്രയും കരസ്ഥമാക്കി.