കടം മേടിക്കാതെ മുന്നോട്ടുപോകാനാകാത്ത പിണറായി സര്‍ക്കാര്‍ 100 കോടി മുടക്കി വാര്‍ഷികം ആഘോഷിക്കുന്നു; വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

07:22 AM Apr 22, 2025 |


കടം മേടിക്കാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത സര്‍ക്കാറാണ് നൂറു കോടി ചിലവഴിച്ച് ഒന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. 2014 മുതല്‍ രാജ്യത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. ലോകത്ത് മുഴുവന്‍ ഇന്ത്യയ്ക്ക് ബഹുമാനം ലഭിക്കുന്നു. എന്നാല്‍ കേരളത്തിലെ സ്ഥിതിക്ക് മാത്രം മാറ്റമില്ല. 2014 വരെ വലിയ വലിയ അഴിമതികള്‍ ഈ രാജ്യത്ത് നിര്‍ബാധം നടന്നിരുന്നു.
പ്രതിരോധ മേഖലയില്‍ പോലും ഭാരതം ദുര്‍ബലമായ വര്‍ഷങ്ങളായിരുന്നു അത്. മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന നുണപ്രചാരണത്തിനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ആ ഘട്ടത്തില്‍ നിന്ന് ഭാരതം ഏറെ മാറിയിരിക്കുന്നു. എന്നാല്‍ കേരളം അവിടെത്തന്നെ നില്‍ക്കുന്നു. കടം വാങ്ങാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളമില്ല. ആശാവര്‍ക്കര്‍മാര്‍ മാസങ്ങളായി സമരത്തിലാണ്.

ആകെ സര്‍ക്കാരിന് എടുത്തു പറയാനുള്ളത് ദേശീയപാതയുടെ നിര്‍മ്മാണം മാത്രമാണ്. അതാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതുമാണ്. ഇതു പറഞ്ഞത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അല്ല, പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പ്രസംഗിച്ചതാണ്.
2014 ന് ശേഷം ഇന്ത്യയുടെ സാമ്പത്തിക രംഗം വലിയ മാറ്റത്തിന് വിധേയമായി. ആഗോളതലത്തില്‍ മൂന്നും നാലും സ്ഥാനത്തേക്ക് ഭാരതം ഉയരുകയാണ്. മാറ്റം ആഗ്രഹിച്ചാണ് ജനങ്ങള്‍ മോദിജിയെ വിജയിപ്പിച്ചത്. അദ്ദേഹം ജനങ്ങള്‍ക്ക് മാറ്റം നല്‍കി. കേരളത്തില്‍ നിന്ന് 500 കിലോമീറ്റര്‍ മാത്രം ദൂരത്ത് ആപ്പിള്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ കമ്പനികള്‍ നിക്ഷേപം നടത്തുന്നു. തമിഴ്നാട്ടിലും കര്‍ണാടകയിലും വമ്പന്‍ നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു. എന്നാല്‍ ഇതൊന്നും കേരളത്തിന്റെ അതിര്‍ത്തി കടന്ന് ഇങ്ങോട്ടേക്ക് വരുന്നില്ല.

വികസിത ഭാരതം ഉണ്ടാകുമ്പോള്‍ വികസിത കേരളവും ഉണ്ടാവണം. നാട്ടില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുന്ന ഒരേയൊരു പാര്‍ട്ടി ഏതാണ് എന്ന് ജനങ്ങള്‍ തിരിച്ചറിയണം. അതിന് വലിയ പരിശ്രമം ആവശ്യമില്ല. ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല. ആരാണ് വാഗ്ദാനം നല്‍കിയിട്ട് ഓടിക്കളയുന്നതെന്നും, വാഗ്ദാനങ്ങള്‍ ആരാണ് പാലിക്കുന്നതെന്നും ജനങ്ങള്‍ക്ക് മനസ്സിലാകും. രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ. എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്ത് ചെയ്യുന്നത് ജനങ്ങളില്‍ വിഷം നിറയ്ക്കുക എന്നത് മാത്രമാണ്.


സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വാര്‍ഷികം ആഘോഷിക്കുകയാണ്. ആശാവര്‍ക്കര്‍മാര്‍ക്ക് 100 രൂപ കൂട്ടി ചോദിച്ചപ്പോള്‍ തരില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയാണ് 100 കോടിയുടെ ആഘോഷങ്ങള്‍ നടത്തുന്നത്. തീരദേശ ജനതയുടെ നീണ്ട പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവും ഇല്ല.കടല്‍ ഭിത്തി കേട്ടാനുള്ള തുക പോലും ചിലവിടാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കടം വാങ്ങാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത സര്‍ക്കാരാണ് വാര്‍ഷികാഘോഷം നടത്തുന്നത്. മുനമ്പത്ത് 610 കുടുംബങ്ങളെ കാണാത്ത സര്‍ക്കാരാണ് വലിയ ആഘോഷം നടത്തുന്നത്.
നാല് കോടി മലയാളികള്‍ക്കായി വികസനം കൊണ്ടുവരാന്‍ ബിജെപി സര്‍ക്കാരിന് മാത്രമേ കഴിയൂ. ഇനി കാര്യം നടക്കണം. അതിനായി പരിശ്രമിക്കണം. ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ. ബിജെപി പ്രവര്‍ത്തകര്‍ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കണം. വികസിത കേരളം എന്നത് ജനങ്ങളോടുള്ള നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.