'ശിവന്റെ വാഹനമായ കാളയെ ഉപയോഗിച്ച് നടത്തിയ പ്രതിഷേധം മത വിശ്വാസത്തെ വ്രണപ്പെടുത്തി'; യുവമോര്‍ച്ചക്കെതിരെ പരാതി

07:10 AM Aug 26, 2025 | Suchithra Sivadas

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച കാളയുമായി പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ പ്രതിഷേധത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. ഹിന്ദുമത വിശ്വാസപ്രകാരം ശിവന്റെ വാഹനമായ കാളയെ ഉപയോഗിച്ച് നടത്തിയ പ്രതിഷേധം മത വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതി.

യൂത്ത് കോണ്‍ഗ്രസ് കാട്ടാക്കട നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഗൗതം കാട്ടാക്കട ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. നട്ടുച്ച സമയം കിലോമീറ്ററുകളോളം കാളയെ മൂക്കുകയര്‍ ഇട്ട് വലിച്ചിഴച്ച് നടത്തിയെന്നും ക്രൂരത കാട്ടിയെന്നും പരാതിയില്‍ പറയുന്നു.

കാളയുടെ മുഖത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചിത്രം പതിപ്പിച്ച് തെരുവിലൂടെ നടത്തിയായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. വിത്തുകാളയെ കൊണ്ടുനടക്കുന്നത് വി ഡി സതീശനും ഷാഫി പറമ്പിലുമാണെന്നും ആക്ഷേപമുയര്‍ന്നു. കാളയുമായുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സമരം ജലപീരങ്കി പ്രയോഗത്തിലാണ് അവസാനിച്ചത്.