വയനാട് പുനരധിവാസം; രാവും പകലും അവധിയുമില്ലാതെ ലക്ഷ്യം പൂര്‍ത്തിയാക്കി സര്‍വ്വേ സംഘം

08:44 AM Jan 04, 2025 | Litty Peter

കല്‍പ്പറ്റ: വയനാട് പുനരധിവാസത്തിനായി സ്ഥലം ഏറ്റെടുക്കുന്ന ജോലി രാത്രിയിലും അവധി ദിനത്തിലും ജോലി ചെയ്താണ് വയനാട്ടിലെ സര്‍വേ വിഭാഗം പൂര്‍ത്തിയാക്കിയത്. അത്യന്താധുനിക സര്‍വേ ഉപകരണമായ ആര്‍ ടി കെ ഉപയോഗിച്ചാണ് 48 മണിക്കൂറിനുള്ളില്‍ ഏകദേശം 160 ഏക്കറിനുള്ളിലെ ടൗണ്‍ഷിപ്പിന് ഉപയോഗിക്കാന്‍ പറ്റുന്ന 100 ഏക്കറോളം വേര്‍തിരിച്ചെടുത്തത്.

പാറക്കെട്ട്, വനഭൂമി, വനഭൂമിയുടെ ബഫര്‍ സോണ്‍, ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനിന്റെ ബഫര്‍ സോണ്‍, കുത്തനെ ചരിവുള്ള സ്ഥലങ്ങള്‍, നിലവിലുള്ള റോഡുകള്‍, ചതുപ്പ് സ്ഥലങ്ങള്‍, പൊതുജനങ്ങള്‍ കൈവശം വെക്കുന്ന സ്ഥലം എന്നിവ പ്രത്യേകം വേര്‍തിരിച്ച് മാറ്റിയാണ് ഉപയുക്തമായ സ്ഥലം കണ്ടെത്തിയത്. റവന്യൂ, ഫോറസ്റ്റ് സംഘത്തിന് മരങ്ങളുടെയും മറ്റും കണക്കെടുപ്പിന് മുന്‍പായി സ്ഥലങ്ങള്‍ വേര്‍തിരിച്ച് മാറ്റാന്‍ 2 ദിവസമാണ് ലഭിച്ചത്.

ജില്ലയിലെ വിവിധ ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസുകളിലെ സ്ഥിരം, താല്‍ക്കാലിക ജീവനക്കാരും ചേര്‍ന്ന് 6 ടീമുകളായാണ് സര്‍വേ നടത്തിയത്. സര്‍വേ ഡെപ്യുട്ടി ഡയറക്ടര്‍ ആര്‍ ബാബുവിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ സര്‍വേ സൂപ്രണ്ട് ഷാജി കെ പണിക്കര്‍, ഹെഡ് സര്‍വേയര്‍മാരായ പ്രബിന്‍ സി പവിത്രന്‍, ഉല്ലാസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.