അർജുൻ അശോകൻ നായകനാകുന്ന 'തലവര'യുടെ ടീസർ പുറത്ത്

12:55 PM Aug 12, 2025 | Renjini kannur

അർജുൻ അശോകൻ നായകനാകുന്ന 'തലവര'യുടെ ടീസർ പുറത്ത്. പാലക്കാടിൻ്റെ തനത് സംസാരശൈലിയുമായി മനോഹരമായ ടീസർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.ചിത്രം ഓഗസ്റ്റ് 15നാണ് തിയേറ്ററുകളിലെത്തുന്നത്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിക്കുന്ന അർജുൻ അശോകൻ ചിത്രം 'തലവര' അഖില്‍ അനില്‍കുമാറാണ് സംവിധാനം ചെയ്യുന്നത്.

ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിംഗ് നരേറ്റീവ്സിന്‍റേയും ബാനറില്‍ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തില്‍ രേവതി ശർമ്മയാണ് നായികയായെത്തുന്നത്. ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക്ക്, അറിയിപ്പ് തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും ചാർലി, ടേക്ക് ഓഫ്, തണ്ണീർമത്തൻ ദിനങ്ങള്‍, സൂപ്പർ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക - നിരൂപക പ്രശംസകള്‍ നേടിയ സിനിമകള്‍ നിർമ്മിച്ചിട്ടുള്ള ഷെബിൻ ബക്കറും ഒരുമിച്ചൊരുക്കുന്ന സിനിമയായതിനാല്‍ തന്നെ സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്.

അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാല്‍, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസണ്‍, അശ്വത് ലാല്‍, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.