
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് തന്നെ വന്ന് കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് ജ്യോത്സ്യന് മാധവ പൊതുവാള്. കുടുംബത്തോടൊപ്പമാണ് എം വി ഗോവിന്ദന് തന്നെ സന്ദര്‍ശിച്ചതെന്നും വര്‍ഷങ്ങളായുള്ള ബന്ധമാണ് അദ്ദേഹവുമായുള്ളതെന്നും മാധവ പൊതുവാള് പറഞ്ഞു. അസുഖ വിവരം അറിഞ്ഞാണ് കുടുംബസമേതം എത്തിയത്. സ്നേഹബന്ധത്തില്‍ ജ്യോതിഷം കലര്‍ത്തേണ്ട കാര്യമില്ല. അനാവശ്യ രാഷ്ട്രീയ പ്രചാരണം സഹിക്കാന്‍ പറ്റാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം വി ഗോവിന്ദന് ജ്യോത്സ്യനെ കണ്ടതില്‍ പാര്‍ട്ടി നേതാക്കള്‍ ജോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന തരത്തില്‍ വിവാദം ശക്തമായിരുന്നു. ഇതിനുപിന്നാലെയാണ് മാധവ പൊതുവാള് പ്രതികരണവുമായി രംഗത്തെത്തിയത്.
'എം വി ഗോവിന്ദന് മുഹൂര്‍ത്തമോ സമയമോ ഒന്നും ചോദിച്ചിട്ടില്ല. സ്നേഹബന്ധങ്ങളില്‍ ജ്യോതിഷം കൂട്ടിക്കലര്‍ത്തേണ്ട കാര്യമില്ല. എം വി ഗോവിന്ദന് വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാനാവില്ല. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും അദാനി ഉള്‍പ്പെടെയുള്ള പ്രമുഖ വ്യവസായികളും എന്നെ വന്ന് കാണാറുണ്ട്. അവര്‍ ജ്യോതിഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കാറുണ്ട്', മാധവ പൊതുവാള് കൂട്ടിച്ചേര്‍ത്തു. അമിത് ഷാ ജാതകം നോക്കാനായിരുന്നു എത്തിയത്. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങളാകാം ഇപ്പോള്‍ വിവാദമുണ്ടാകാന്‍ കാരണമെന്നും മാധവ പൊതുവാള് പറഞ്ഞു.