'ചെറിയൊരു വ്യത്യാസമുണ്ട് വര്‍മ സാറേ...'; സരിന് എതിരായ ലൈംഗിക ആരോപണത്തില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തതായി സൗമ്യ

08:12 AM Sep 09, 2025 |


ഡോ. പി സരിന് എതിരെ ലൈംഗികാരോപണം ഉന്നയിച്ച ട്രാന്‍സ്ജെന്‍ഡര്‍ യുവതിയും കോണ്‍ഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനിക്കെതിരെ മാനനഷ്ടത്തിന് നോട്ടിസ് അയച്ചതായി സരിന്റെ ഭാര്യ സൗമ്യ സരിന്‍. രാഗരഞ്ജിനിക്കെതിരെ നിയമപരമായി നീങ്ങുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൗമ്യ അറിയിച്ചത്. ഈ ആരോപണം രാഗരഞ്ജിനി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അത് ഏറ്റെടുത്തു ആഘോഷിക്കുന്നവരുടെ ഉദ്ദേശവും എന്താണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസിലാകും എന്നും സൗമ്യ കുറിച്ചു.
സൗമ്യ സരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അപ്പൊ ഇനി അവിടുത്തെ കാര്യങ്ങള്‍ എങ്ങനാ?
ഈ വെല്ലുവിളിയൊക്കെ പാവം ഞങ്ങളോട് മാത്രമേ ഉള്ളോ?

ഓണത്തിരക്കൊക്കെ ഒന്ന് ഒതുങ്ങിയ സ്ഥിതിക്ക് ഇനി കാര്യത്തിലേക്ക് വരാം. എന്റെ ഭര്‍ത്താവ് ഡോ. പി സരിന് എതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ച ട്രാന്‍സ്ജന്‍ഡേര്‍ വ്യക്തിക്ക് കഴിഞ്ഞ ശനിയാഴ്ച (06/09/2025) തന്നെ ഞങ്ങള്‍ വക്കീല്‍ വഴി മാനനഷ്ട നോട്ടിസ് അയച്ചു. നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനം.
ഈ ആരോപണം അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അത് ഏറ്റെടുത്തു ആഘോഷിക്കുന്നവരുടെ ഉദ്ദേശവും എന്താണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസിലാകും. ഒന്ന് സമാനവല്‍ക്കരിക്കാന്‍ ശ്രമിച്ചതാണ്. ഇപ്പോഴത്തെ ഒരു പ്രത്യേക അവസ്ഥയില്‍ എതിര്‍ പക്ഷത്തു നില്‍ക്കുന്ന ഡോ. സരിന് എതിരെയും ' പേരിന് ഒരു പെണ്ണ് കേസ് എങ്കിലും ഉണ്ടാക്കി എടുക്കണ്ടേ ! നിങ്ങളുടെ ആ തത്രപ്പാട് ഞങ്ങള്‍ക്ക് മനസിലാവുന്നതേയുള്ളു !
പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട് വര്‍മ്മ സാറേ...
ഒരു പൊതു പ്രവര്‍ത്തകന് എതിരെ ആരോപണങ്ങള്‍ വരാം, സ്വാഭാവികം! പക്ഷെ അവര്‍ അത് നേരിടുന്ന രീതി ആണ് വിലയിരുത്തപ്പെടേണ്ടത്, അല്ലേ? അതില്‍ നിന്ന് തന്നെ പൊതുജനത്തിനു കാര്യം പിടി കിട്ടും!
''ധൈര്യമുണ്ടെങ്കില്‍ പോയി മാനനഷ്ടത്തിന് കേസ് കൊടുക്ക് കേസ് കൊടുത്താല്‍ എല്ലാ തെളിവുകളും പുറത്തു വിടും''
ഇതൊക്കെയാണ് കഴിഞ്ഞ രണ്ടു ദിവസമായി കേള്‍ക്കുന്ന വെല്ലുവിളി...അപ്പൊ ആദ്യത്തെ വ്യത്യാസം, ഞങ്ങള്‍ ഈ രണ്ടു വെല്ലുവിളികളും ഏറ്റെടുക്കുന്നു!
ചേട്ടന്മാരെ, ഈ മാനനഷ്ടത്തിനു കേസ് കൊടുക്കാന്‍ ഇത്രയധികം ധൈര്യത്തിന്റെ ആവശ്യം ഒന്നും ഇല്ല.
രണ്ടേ രണ്ടു സിംപിള്‍ കാര്യങ്ങള്‍ മതി!
ആരോപിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്തിട്ടില്ല എന്ന അവനവനില്‍ ഉള്ള വിശ്വാസം. പങ്കാളികള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് പരസ്പരം ഉള്ള വിശ്വാസം !
ഈ രണ്ടും ഉണ്ടെങ്കില്‍ ഒരാള്‍ നമുക്ക് എതിരെ ഒരു ആരോപണം ആയി വന്നാല്‍, അത് തികച്ചും അടിസ്ഥാന രഹിതമാണെന്ന് പൂര്‍ണ ബോധ്യം ഉള്ള പക്ഷം, നിയമപരമായി അതിനെ നേരിടാമെന്ന ആത്മവിശ്വാസം തനിയെ വന്നു കൊള്ളും!

ഇപ്പറഞ്ഞതൊക്കേ വേണ്ടുവോളം ഉള്ളതിനാല്‍ മാന്യമായി കേസുമായി മുന്നോട്ട് പോകുന്നു!
ഇനി കേസ് ആയി മുന്നോട്ട് പോയാല്‍ തെളിവുകള്‍ ആയി വരും എന്ന ഭീഷണി !
വന്നോളൂ.. ഞങ്ങള്‍ എവിടെയും പോയി ഒളിക്കില്ല. ഇവിടെ തന്നെയുണ്ട്.
ഈ അടുത്തു തന്നെ ഒരു യുവ നേതാവിന് എതിരെ ഇതുപോലെ ചാറ്റും വോയിസ് ക്ലിപ്പുകളും ഒക്കെ വന്നപ്പോള്‍ നിങ്ങള്‍ തന്നെ പറഞ്ഞ ചില കാര്യങ്ങള്‍ ഉണ്ടല്ലോ. ഒന്നോര്‍ത്തു നോക്കുന്നത് നല്ലതാണ്. എല്ലാം ഫേക്ക് ആണ്... ഈ എഐ യുഗത്തില്‍ തെളിവുകള്‍ ഉണ്ടാക്കാന്‍ ആണോ ബുദ്ധിമുട്ട് ? എല്ലാം ഫേക്ക് ആണ്
അപ്പോള്‍ ഇങ്ങനെ ഫേക്ക് ആയ തെളിവുകള്‍ ആര്‍ക്കും ആര്‍ക്കെതിരെയും ഉണ്ടാക്കാം, അല്ലേ ? നിങ്ങള്‍ക്ക് ഞങ്ങള്‍ക്കെതിരെയും ഉണ്ടാക്കാം ! ചാറ്റ് എന്നും പറഞ്ഞു കൊണ്ട് ഒരു വ്യാജ സ്‌ക്രീന്‍ഷോട്ട് ഉണ്ടാക്കാന്‍ ആണോ ബുദ്ധിമുട്ട്? അതുപോലെ ഉള്ള ചാറ്റുകള്‍ ചെയ്ത ആരുടെയെങ്കിലും നമ്പര്‍ എന്റെ ഭര്‍ത്താവായ സരിന്റെ പേരില്‍ മൊബൈലില്‍ സേവ് ചെയ്താല്‍ പോരെ? എത്ര വേണമെങ്കിലും തെളിവുകള്‍ ഉണ്ടാക്കാമല്ലോ...
പക്ഷെ അവിടെയാണ് രണ്ടാമത്തെ വ്യത്യാസം!
ഇനി അങ്ങനെ ഒന്ന് വന്നാല്‍ തന്നെയും എല്ലാം ഫേക്ക് ആണ് എന്ന് വെറുതെ വന്നു പറഞ്ഞു പോകില്ല ഞങ്ങള്‍! ഇരയെ അപമാനിക്കാനും സ്വാധീനിക്കാനും ഒന്നും ശ്രമിക്കില്ല. പക്ഷെ തെളിയിക്കും! ഫേക്ക് ആണെങ്കില്‍ അത് തെളിയിച്ചിരിക്കും!

ശാസ്ത്ര സാങ്കേതിക വിദ്യയൊക്കെ ഇത്രക്ക് പുരോഗമിച്ച ഈ കാലത്തു നമ്മുടെ നിയമസംവിധാനത്തിനു അതൊക്കെ പുഷ്പം പോലെ തെളിയിക്കാന്‍ പറ്റും. അത് ഞങ്ങള്‍ക്കും അറിയാം, നിങ്ങള്‍ക്കും അറിയാം! സമയം എടുക്കുമായിരിക്കും. ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നേ
വലിയ ഫാന്‍സ് അസോസിയേഷനും കൊട്ട നിറയെ ലൈക്കും ഷെയറും ഒന്നും ഇല്ല ഗയ്സ്. പക്ഷെ അത്ര പെട്ടെന്ന് ഒന്നും കുനിക്കില്ല എന്ന് ഉറപ്പുള്ള ഒരു തലയുണ്ട് ! സൗമ്യക്കും സരിനും. ഞങ്ങള്‍ക്കും ഒരു മകളുണ്ട്!
അപ്പൊ ഇനി അവിടുത്തെ കാര്യങ്ങള്‍ എങ്ങനാ?