
കൊട്ടാരക്കര: നാട്ടിലെ വീട്ടിൽ മോഷ്ടിക്കാനെത്തിയത് ഗൾഫിലിരുന്ന് ലൈവായി കണ്ട യുവതി കള്ളനെ പൊക്കി. വയയ്ക്കൽ കമ്പംകോട് മാപ്പിളവീട്ടിൽ ജേക്കബിന്റെ വീട്ടിൽ കവർച്ചയ്ക്കു ശ്രമിച്ചയാളാണ്, ജേക്കബിന്റെ ഗൾഫിലുള്ള മകളുടെ സമയോചിതമായ ഇടപെടലിൽ അകത്തായത്. ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ വെള്ളംകുടി ബാബു(ബാബു-55)വാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രണ്ടോടെയാണ് സംഭവം.
മരണച്ചടങ്ങിൽ പങ്കെടുക്കാൻ വീടുപൂട്ടി ജേക്കബും കുടുംബവും പോയ സമയത്താണ് മോഷണശ്രമം. അടുക്കള ഭാഗത്തേക്കു പതുങ്ങിയെത്തുന്ന മോഷ്ടാവിനെ സിസിടിവി ക്യാമറയിലൂടെ ഗൾഫിലുള്ള ജേക്കബിന്റെ മകൾ കണ്ടു. ഉടൻതന്നെ ഫോണിലൂടെ വിവരം ജേക്കബിനെ അറിയിച്ചു. ജേക്കബ് അയൽവാസികളെ അറിയിച്ചു. അവർ ഓടിയെത്തിയപ്പോഴേക്കും വർക്ക് ഏരിയയുടെ പൂട്ടുതകർത്ത ബാബു അടുക്കളയുടെ പൂട്ട് തകർക്കാനുള്ള ശ്രമത്തിലായിരുന്നു.
നാട്ടുകാരെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ബാബുവിനെ അവർ ഓടിച്ചിട്ടു പിടികൂടി കൊട്ടാരക്കര പോലീസിന് കൈമാറി. ബാബു ജയിലിൽനിന്നിറങ്ങിയിട്ട് കുറച്ചുനാളേ ആയിട്ടുള്ളൂവെന്ന് പോലീസ് പറയുന്നു.