രാജ്യത്തെ നടുക്കിയ നിരവധി കേസുകൾ ചുരുങ്ങിയ സമയം കൊണ്ട് തെളിയിച്ച ചരിത്രം നമ്മുടെ പോലീസിനുണ്ട് .കോളിളക്കം സൃഷ്‌ടിച്ച എലത്തൂർ ട്രെയിൻ തീവെപ്പും കണ്ണൂരിൽ വലിയ പ്രശ്നമായി മാറിയ മോഷ്ടാവിനെ പിടികൂടിയതുമടക്കം പ്രമാദമായ കേസുകൾ തെളിയിച്ച മാതൃകയായി മാറിയ സംഘമാണ് കണ്ണൂർ സ്‌ക്വാഡ് .തങ്ങളുടെ കഴിവിനും ജോലിയോടുള്ള സമർപ്പണത്തിനും മികച്ച അംഗീകാരം തേടിയെത്തിയിരിക്കുകയാണ് ഇപ്പോൾ കണ്ണുർ സ്‌ക്വാഡിന്
കേരളത്തിലെ വിവാദമായ ട്രെയിൻ തീ വയ്പ്പ് കേസിലെ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടി അന്വേഷണ മികവ് തെളിയിച്ച കണ്ണൂർ സ്‌ക്വാഡിന് പൊൻതൂവലായി ഡിജിപിയുടെ അവാർഡ് നേട്ടം . 2023 ജൂൺ ഒന്നിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആലപ്പുഴ–കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനിലുണ്ടായ തീവയ്പ്പ് കേസ് അന്വേഷണത്തിലെ മികവാണ് ഡിജിപിയുടെ 2023 വർഷത്തെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരത്തിന് അർഹമാക്കിയത്.
കണ്ണൂർ എസിപി രത്‌നകുമാറിന്റെ മേൽനോട്ടത്തിൽ കണ്ണൂർ ടൗൺ സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.എ. ബിനു മോഹന്റെ നേതൃത്വത്തിലാണ് ബംഗാൾ സ്വദേശിയായ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടിയത്. സൈബർ എസ്എച്ച്ഒ ബിജു പ്രകാശ്, റെയിൽവെ എസ്ഐ കെ.വി. ഉമേഷൻ, കണ്ണൂർ ടൗൺ എഎസ്ഐ വി. രഞ്ജിത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സി.പി.നാസർ, കെ.പി.രാജേഷ് എന്നിവർക്കും അവാർഡ് ലഭിച്ചു. 2023ൽ മാത്രം കണ്ണൂർ സ്ക്വാഡ് നൂറിലധികം കേസുകൾ അന്വേഷിച്ചു തെളിയിച്ചു. കുഴപ്പം പിടിച്ച കേസുകളുടെയെല്ലാം അന്വേഷണം ഈ സംഘത്തെ ഏൽപ്പിക്കുകയായിരുന്നു.
അന്വേഷിച്ചതെല്ലാം പ്രമാദമായ കേസുകളായതിനാൽ എത്രയും പെട്ടന്നു കുറ്റവാളിയെ കണ്ടെത്താനുള്ള നീക്കമാണ് സംഘം നടത്തിയിരുന്നത്. ഒരു വർഷത്തോളം കണ്ണൂരിൽ വലിയ പ്രശ്നമായി മാറിയ മോഷ്ടാവിനെ ഒടുവിൽ ഈ സംഘം പിടികൂടി. നഗ്നനായി മോഷണം നടത്തിയിരുന്ന കോട്ടയം സ്വദേശി നാസറിനെയാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളാണ് പ്രധാന തെളിവായത്.
നാസറാണ് മോഷണം നടത്തിയതെന്ന് ഉറപ്പിച്ച സംഘം ഫോൺ നമ്പർ ശേഖരിച്ചു. ഇയാളുടെ ഭാര്യയുടെ വീട് കണ്ണൂരിലായിരുന്നു. കണ്ണൂരിലേക്കു വരുന്ന വഴി താഴെ ചൊവ്വയിൽ എത്തിയപ്പോൾ ബസിൽ വച്ച് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കോട്ടയത്തും സമാനമായ രീതിയിൽ മോഷണം നടത്തിയെന്നു കണ്ടെത്തി.
പയ്യാമ്പലത്ത് പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് സ്വർണം കവർന്ന യുപി സ്വദേശികളായ പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടിയത് മറ്റൊരു മികവ് . മോഷണം നടന്ന സ്ഥലത്തുനിന്ന് ആകെ തെളിവായി കിട്ടിയത് ചെരിപ്പ് വാങ്ങിച്ചതിന്റെ ബില്ലായിരുന്നു. ബില്ല് കണ്ണൂർ ടൗണിലെ ഒരു കടയിലേതായിരുന്നു. കടയിൽ എത്തി അന്വേഷിക്കുകയും ചെരിപ്പ് വാങ്ങിയവർ അടുത്ത ലോഡ്ജിൽ താമസിക്കുന്നവരാണെന്നു മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിലുൾപ്പെടെ മോഷണം നടത്തുന്ന വൻ സംഘത്തിൽപ്പെട്ട അംബ്രോസ്, മഹേന്ദ്ര എന്നിവരാണ് പിടിയിലായത്.
കണ്ണൂർ ടൗണിൽ വച്ച് ലോറി ഡ്രൈവറെ കൊന്ന കേസിലെ പ്രതികളെയും വളരെ വേഗം പിടികൂടാനായി. കണിച്ചാർ സ്വദേശിയായ ജിന്റോ ആണ് കൊല്ലപ്പെട്ടത്. കുറ്റ്യാടി സ്വദേശിയായ അൽത്താഫ്, കാഞ്ഞങ്ങാട് സ്വദേശിയായ കബീർ എന്നിവരാണ് പിടിയിലായത്. കണ്ണൂർ സ്റ്റേഡിയത്തിന്റെ ഭാഗത്തായാണ് ലോറികൾ പാർക്ക് ചെയ്യുന്നത്. അവിടെയുണ്ടായിരുന്ന സ്ത്രീകളുമായി ബന്ധപ്പെട്ട തർക്കത്തിനു പിന്നാലെയാണ് ജിന്റോയ്ക്ക് കുത്തേറ്റത്. മാരകമായി കാലിന് കുത്തേറ്റ ജിന്റോ ഓടുന്നതിനിടെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. സ്ത്രീകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിക്കാൻ കഴിഞ്ഞത്.
നഗരത്തിലെ പ്രമുഖ വ്യവസായുടെ കണ്ണിൽ മുളകു പൊടി എറിഞ്ഞ് കവർച്ച നടത്തിയതുൾപ്പെടെ നിരവധി കേസുകൾ വേറെയുമുണ്ട്. ലഹരി മരുന്ന് വേട്ടയും സംഘത്തിന്റെ പ്രധാന ദൗത്യമായിരുന്നു. കാറിൽ കടത്തുകയായിരുന്ന ആയിരത്തിലധികം ലീറ്റർ സ്പിരിറ്റ് പിടികൂടിയതുൾപ്പെടെയുള്ള കേസുകൾ ഇവയിൽ പെടും.
ബിനു മോഹന്റെ നേതൃത്വത്തിലായിരുന്നു സ്ക്വാഡ് പ്രവർത്തനം സജീമായിരുന്നത്. പിന്നീട് പലരും സ്ഥലം മാറിപ്പോയി. എന്നാൽ ഇത്തരം കേസുകൾ വരുന്ന സമയത്ത് മേൽപ്പറഞ്ഞ ഉദ്യോഗസ്ഥർ തന്നെയായിരിക്കും സ്ക്വാഡിലേക്കെത്തുന്നത്. വളപട്ടണത്തെ ഒരു കോടി രൂപയുടെ മോഷണം, കാസർകോട് അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച േകസ് തുടങ്ങിയവയും ഇതേ സംഘത്തിൽപ്പെട്ടവരാണ് അന്വേഷിച്ചത്. സംഘത്തിൽഎത്ര പേര് പോയാലും പുതിയ ആൾക്കാർ വന്നാലും സുപ്രധാന കേസുകളുടെയെല്ലാം പിന്നാലെ ഈ ഇവരുണ്ടാകും .