തിരുവനന്തപുരത്ത് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

07:54 PM Aug 05, 2025 | AVANI MV

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. കൂട്ടപ്പു ശുരവക്കാണിക്കു സമീപം ഏണിപ്പാറ മലമുകളിലാണ് മരംമുറി തൊഴിലാളിയായ ആറുകാണി ശാന്തിനഗർ റോഡരികത്ത് വീട്ടിൽ സതീഷ് കുമാറിൻ്റെ (42) ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കം വരുമെന്നാണ് പൊലീസ് പറയുന്നത്. പണിക്ക് പോകുന്നുവെന്ന് പറഞ്ഞ് സതീഷ് കുമാർ 10 ദിവസംമുൻപാണ് വീട്ടിൽനിന്നു പോയത്. ഞായറാഴ്‌ച രാവിലെ മലമുകളിൽ എത്തിയ പരിസരവാസിയാണ് മൃതദേഹം കണ്ടത്. തൂങ്ങി മരിച്ച് ദിവസങ്ങളായതോടെ മരത്തിൽ നിന്ന് അഴുകി താഴെ വീണ് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

സതീഷ് കുമാർ സമീപത്തെ 50 അടിയോളം ഉയരമുള്ള മരത്തിൽക്കയറി തൂങ്ങി മരിക്കാൻ ഉപയോഗിച്ച ലുങ്കി പൊട്ടിയ നിലയിലും കണ്ടെത്തി. പാറശാലയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം മലയടിവാരത്തിലെത്തിച്ചത്. വെള്ളറട പൊലീസ് കേസെടുത്തു. ഭാര്യ: അനിത. മക്കൾ: സൽമോൻ, സ്നേഹമോൾ.